കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 3-ാം ഘട്ടം റിലേ സത്യാഗ്രഹം സെക്രട്ടേറിയറ്റ് പടിക്കല്‍ നവംബര്‍ 04 മുതല്‍ 08 വരെ, കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും1 min read

 

തിരുവനന്തപുരം :കേരളത്തിലെ സഹകരണ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാനപരമായ ശമ്പള ആനുകൂല്യങ്ങള്‍ക്കു വേണ്ടി പോരാടാന്‍ 6 പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രസ്ഥാനമാണ് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട്. മാതൃ സംഘടനകളായ അസോസിയേഷന്റെയും ഫെഡറേഷന്റെയും ധീരമായ നേതൃത്വം ആണ് കേരളത്തിലെ സഹകരണ ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പള അനുകൂല്യങ്ങള്‍ കരഗതമായത്. നിലവിലുള്ള ശമ്പള ആനുകൂല്യങ്ങള്‍, പ്രമോഷന്‍ ചട്ടങ്ങള്‍ എന്നിവ നിലനിര്‍ത്തുന്ന ആവശ്യമായ പോരാട്ടങ്ങള്‍ തുടരേണ്ടത് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെയും അതിലെ അംഗങ്ങളുടെയും കടമയാണ്. ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടനാംഗങ്ങളായ നാമോരോരുത്തരും സമരത്തിന്റെ പാതയിലാണ്. സഹകരണ ജീവനക്കാര്‍ക്ക് അടിയന്തരമായി അനുവദിച്ചു നല്‍കേണ്ട പന്ത്രണ്ടോളം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംഘടനയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ 2024 സെപ്റ്റംബര്‍ 4ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സമരശേഷം സംഘടനയുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയോ, വിഷയങ്ങള്‍ പരിഹരിക്കപ്പെടുകയോ ചെയ്തിട്ടില്ല. തുടര്‍ന്ന് രണ്ടാംഘട്ട സമരം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും 2024 സെപ്റ്റംബര്‍ 25ന് നടത്തി. സമരങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് സംഘടനയ്ക്കായെങ്കിലും, ഈ വിഷയങ്ങള്‍ ഒന്നും തന്നെ നാളിതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്നാംഘട്ട സമരത്തിലേക്ക് സംഘടന പോകുന്നതിന് തീരുമാനിച്ചിട്ടുള്ളത്. 2024 നവംബര്‍ 4 മുതല്‍ 8 വരെ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ റിലേ സത്യഗ്രഹം നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
നിയമ ഭേദഗതിയിലെ ജനാധിപത്യ വിരുദ്ധ സ്വഭാവം ബഹു. ഹൈക്കോടതി വിധിയോടെ തള്ളിക്കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ 8 വര്‍ഷങ്ങളായി തൊഴിലാളി വിരുദ്ധ നിലപാടുകളുമായി എല്‍.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് പ്രമോഷനുകള്‍ തടഞ്ഞുകൊണ്ടും, ശമ്പളപരിഷ്‌ക്കരണവും ക്ഷാമബത്തയും നല്‍കാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മാത്രവുമല്ല നിലവിലുള്ള ശമ്പളാനുകൂല്യങ്ങള്‍ തടയുന്നതിന് ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങല്‍ അശാസ്ത്രീയമായി പരിഷ്‌ക്കരിക്കാനുള്ള നിര്‍ദ്ദേശവുമായി മുന്നോട്ടുപോവുകയാണ്. സംഘങ്ങള്‍ക്ക് കൈവരിക്കാനാകാത്ത വിധം ഉയര്‍ന്ന മാനദണ്ഡങ്ങള്‍ നിശ്ചയിച്ചാണ് കരട് പുറത്തിറക്കിയിട്ടുള്ളത്. പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല നിലവിലുണ്ടായിരുന്ന ക്ഷാമബത്തകൂടി നിര്‍ത്തലാക്കി ഉത്തരവിറക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും അഭിലഷണീയമല്ലാത്ത നിലപാടുകളുമായി ഇടപെടുകയാണ്. സംസ്ഥാന നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തന പരിധിതന്നെ അതേ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കുകയാണ്. സര്‍ക്കാരിന്റെ യാതൊരു നിയന്ത്രണവുമില്ലാതെ ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്.

സമരം മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട ആവശ്യങ്ങള്‍
1) മൂന്നാം സമഗ്ര ഭേദഗതി നിയമത്തിലെ ജനാധിപത്യ വിരുദ്ധ ഭേദഗതികള്‍ പിന്‍വലിക്കുക.
2) സംഘങ്ങളുടെ സുരക്ഷ തകര്‍ക്കുന്ന പുനരുദ്ധാരണ നിധി പിന്‍വലിക്കുക.
3) പകരം നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നിക്ഷേപ ഗ്യാരണ്ടി സ്‌കീം, റെക്കറിംഗ് പ്രീമിയം ഏര്‍പ്പെടുത്തി ശക്തിപ്പെടുത്തുക.
4) അശാസ്ത്രീയമായ ക്ലാസിഫിക്കേഷന്‍ പരിഷ്‌കരണം ഒഴിവാക്കുക.
5) സബ് സ്റ്റാഫ് പ്രമോഷന്‍ തടയുന്ന 185(10) ചട്ടങ്ങള്‍ പിന്‍വലിക്കുക.
6) അസിസ്റ്റന്റ് സെക്രട്ടറി/ മാനേജര്‍ പ്രമോഷന്‍ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ പിന്‍വലിക്കുക.
7) ചട്ടം 187 അപ്പക്‌സ് സ്ഥാപനങ്ങളിലെ റിസര്‍വേഷന്‍ മാനദണ്ഡങ്ങള്‍
പുനസ്ഥാപിക്കുക.
8) ഖാദി – ഫിഷറീസ് – ഇന്‍ഡസ്ട്രീസ്- ക്ഷീരം – ആശുപത്രി, ഇതര സംഘങ്ങളുടെ പ്രതിസന്ധികള്‍ പരിഹരിക്കുക.
9) കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക.
10) പെന്‍ഷന്‍- ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക.
11) കമ്മീഷന്‍ ഏജന്റ്മാരുടെ പെന്‍ഷന്‍ കണക്കാക്കുന്നതിനായി സ്ഥിരവേതനവും ഇന്‍സെന്റീവും ഉള്‍പ്പെടുത്തുക.
12) വകുപ്പ് 94 ല്‍ ചീഫ് എക്‌സിക്യൂട്ടീവിനെ ഏര്‍പ്പെടുത്തിയിട്ടുള്ള
പിഴകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുക..

Leave a Reply

Your email address will not be published. Required fields are marked *