കോടതി ഫീസ് പരിഷ്‌കരണ സമിതി റിപ്പോർട്ട് സമർപ്പിച്ചു1 min read

തിരുവനന്തപുരം :സർക്കാർ നിയോഗിച്ച  കോടതി ഫീസ് പരിഷ്‌കരണ സമിതി നിയമ വകുപ്പ് മന്ത്രി പി രാജീവിന് റിപ്പോർട്ട് സമർപ്പിച്ചു. കേരളത്തിലെ കോടതി ഫീസും വ്യവഹാരസലയും നിയമത്തിൽ വരുത്തേണ്ട ഭേദഗതിയെ സംബന്ധിച്ചും കോടതി ഫീസും മറ്റും പുതുക്കി നിശ്ചയിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനാണ് കമ്മീഷനെ നിയോഗിച്ചിരുന്നത്. സമിതി ചെയർമാൻ റിട്ട. ജസ്റ്റിസ്. വി. കെ മോഹനനാണ്  മന്ത്രിക്ക്  റിപ്പോർട്ട് കൈമാറിയത്. സമിതി കൺവീനറായ ലോ സെക്രട്ടറി കെ ജി സനൽകുമാറും ഒപ്പം ഉണ്ടായിരുന്നു. ഫിനാൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ഡോ. എൻ.കെ ജയകുമാർ, അഡ്വ. സി.പി പ്രമോദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

2003 വരെ കേരള കോടതി ഫീസും വ്യവഹാരസലയും നിയമത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള നിശ്ചിത കോടതി ഫീസ് വർദ്ധിപ്പിക്കാനും നിയമത്തിന്റെ പരിധിയിൽ വരാത്തതും പുതുതായിവന്ന നിയമങ്ങളിലെ വ്യവഹാരങ്ങൾക്കുമായി കോടതി ഫീസ് ചുമത്താനും സർക്കാരിനോട് ശിപാർശ ചെയ്തതായി തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ റിട്ട. ജസ്റ്റിസ്. വി. കെ മോഹനൻ അറിയിച്ചു.
സുപ്രീം കോടതിയുടേയും മറ്റും വിധിന്യായങ്ങളും ലോ കമ്മീഷന്റെ 189-ാമത് റിപ്പോർട്ടിലെ ശിപാർശകളുടേയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.  വ്യവസായ വാണിജ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾക്കനുസൃതമായി കോടതി ഫീസ് ഈടാക്കാമെന്ന് സുപ്രീം കോടതിയും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വന്നിട്ടുള്ള കുറവ് കണക്കിലെടുത്ത് അത് പരിഹരിക്കുവാൻ ആനുപാതികമായി നിശ്ചിത കോടതി ഫീസുകളിൽ വർദ്ധനവ് ആകാമെന്ന് ലോ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്.
റിസർവ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസിൽ നിന്നും ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത് 2003-ൽ 100 രൂപയ്ക്ക് ലഭിച്ചിരുന്ന സാധനങ്ങൾ 2023-ൽ വാങ്ങുന്നതിന് 365.78 രൂപയാണ് കൊടുക്കേണ്ടിവരിക എന്നാണ്. ഇരുപത് വർഷത്തെ നാണയപ്പെരുപ്പം 6.7 ശതമാനം ആണ്.
ഇതുവരെ കോടതി ഫീസ് ചുമത്താതിരുന്ന ചില മേഖലകളിൽ, പ്രത്യേകിച്ച് ഭൂമിയേറ്റെടുക്കൽ കേസുകളുമായി  ബന്ധപ്പെട്ട്, ലാന്റ് അക്വസിഷൻ ഓഫീസർ അനുവദിക്കുന്ന തുകകൾ അധികമായി അനുവദിക്കുന്ന നഷ്ടപരിഹാര തുകയിലും പെട്രോളിയം നിയമം, ഇന്ത്യൻ ടെലഗ്രാഫ് നിയമം, ഇന്ത്യൻ ഇലക്ട്രിസിറ്റി നിയമം എന്നിവയുമായി ബന്ധപ്പെട്ട് അനുവദിക്കുന്ന അധികമായി വരുന്ന നഷ്ടപരിഹാര തുകയിന്മേലും നിശ്ചിത കോടതി ഫീസ് ഈടാക്കാൻ  കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്. ആർബിട്രേഷൻ കേസുകളുമായി ബന്ധപ്പെട്ട് വരുന്ന പലതരം ഹർജികളിൽ തുകയുടെ അടിസ്ഥാനത്തിൽ നിശ്ചിത നിരക്കിൽ കോടതി ഫീസ് ഈടാക്കണം. കൂടാതെ മുൻകൂർ ജാമ്യ അപേക്ഷകളിന്മേലും കോടതി ഫീസ് ഈടാക്കുവുന്നതാണ്.
ഇരുപത് വർഷത്തിന് മുമ്പ് നടത്തിയിട്ടുള്ള സമഗ്ര കോടതി ഫീസ് പരിഷ്‌കരണത്തിന് ശേഷം നീതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് മേൽ കനത്ത സാമ്പത്തിക ഭാരമാണുള്ളത്. 2023-ൽ അവതരിപ്പിച്ച ബഡ്ജറ്റ് പ്രകാരം നീതിന്യായ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച വരുമാനം 125.65 കോടിയാണ്. അതേസമയം അതിന്റെ പത്തിരട്ടിയോളം തുകയാണ്, 1248.75 കോടി രൂപ, സർക്കാരിന് നീതി നിർവ്വഹണത്തിനായി മാറ്റി വയ്ക്കേണ്ടിവന്നിട്ടുള്ളത്.
ജസ്റ്റിസ് കെ.ജെ.ഷെട്ടി ചെയർമാനായുള്ള അദ്യത്തെ ജുഡീഷ്യൽ പേ കമ്മീഷന്റെ 1999 നവംബർ 11 ലെ റിപ്പോർട്ടിൽ നീതി നിർവ്വഹണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ ചിലവിന്റെ പകുതി കേന്ദ്രം വഹിക്കണമെന്ന് ശിപാർശ ചെയ്തിട്ടുണ്ട്. നീതി നടത്തിപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമായതിനാലാണ്. ആധികാരിക രേഖകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നീതി ന്യായ നടത്തിപ്പിന് ആവശ്യമായ വരുമാനത്തിന് തനതായ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും.
കഴിഞ്ഞ ഇരുപത് വർഷത്തിന് ശേഷം കോടതി ഫീസിനത്തിൽ മേൽ സൂചിപ്പിച്ച ആധികാരിക രേഖകളുടെ അടിസ്ഥാനത്തിലും പ്രത്യേകിച്ച് 189-ാമത് ലോ കമ്മീഷൻ ശിപാർശയുടേയും സുപ്രീം കോടതി വിധികളുടേയും അടിസ്ഥാനത്തിൽ ചെറിയ തോതിലെങ്കിലും കോടതി ഫീസ് വർദ്ധിപ്പിക്കുവാൻ സമിതി ശിപാർശ ചെയ്തു.
കോർട്ട് ഫീയുമായി ബന്ധപ്പെട്ട 125 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കത്ത് അയക്കുകയും അവരിൽ നിന്നും അഭിപ്രായം സ്വരൂപിച്ചും സംസ്ഥാനത്താകെ ഹിയറിംഗ് സംഘടിപ്പിച്ചും ക്രോഡീകരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *