സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്1 min read

തിരുവനന്തപുരം :സംസ്ഥാനത്ത് ചില ജില്ലകളിൽ ഉഷ്ണ തരംഗമുന്നറിയിപ്പ്.

ഇന്ന് കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍:

പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.

ധാരാളമായി വെള്ളം കുടിക്കുക.

അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച്‌ കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയര്‍ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളില്‍ എന്നിവടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

തൊഴിലുറപ്പ് പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും, പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am to 3 pm വരെ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ പൊതു സമൂഹം സഹായിക്കുക.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am to 3 pm കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം

ഉയര്‍ന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലര്‍ട്ട്

വ്യാഴാഴ്ച വരെ മറ്റു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 -5°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കള്ളക്കടല്‍ പ്രതിഭാസം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യത. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

മാര്‍ഗനിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *