കലക്ടർ മാർക്ക് സ്ഥലം മാറ്റം, രേണു രാജിന് വയനാട്ടിലേക്ക് മാറ്റം1 min read

8/3/23

തിരുവനന്തപുരം :ഐ എ എസ് തലപ്പത്ത് വൻ അഴിച്ചു പണി. ഏറെ വിവാദങ്ങൾക്ക് തുടക്കമിട്ട എറണാകുളം കലക്ടർ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി.

ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയെ തൃശൂരിലേക്കാണ് സ്ഥലം മാറ്റിയത്. തൃശൂരില്‍ കളക്ടറായിരുന്ന ഹരിത വി കുമാറാകും പകരം ആലപ്പുഴ കളക്ടറാവുക. വയനാട് കളക്ടര്‍ എ ഗീതയ്ക്ക് കോഴിക്കോട് കളക്ടറായിട്ടാണ് സ്ഥലംമാറ്റമുണ്ടായിരിക്കുന്നത്. എന്‍എസ്‌കെ ഉമേഷാണ് എറണാകുളത്ത് പുതിയ കലക്ടര്‍.

ഇപ്പോഴത്തെ സ്ഥലം മാറ്റത്തില്‍ ഏറെ ശ്രദ്ധേയം എറണാകുളം കളക്ടറുടേതാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്നതിലടക്കം കളക്ടര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു.

തീയണയ്ക്കുന്നതിന് മതിയായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ചയുണ്ടായെന്നായിരുന്നു ആരോപണമുയര്‍ന്നത്.
നേരത്തെ സ്‌കൂളുകള്‍ക്ക് അവധി അനുവദിക്കുന്ന വിഷയങ്ങളിലടക്കം രേണുരാജിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നുമുള്ള ഉമേഷ് എന്‍ എസ് കെ ഐ എ എസിനെയാണ് എറണാകുളം കളക്ടറായി നിയമിച്ചിട്ടുള്ളത്.

അതേസമയം ആലപ്പുഴയിലെ ജനകീയ കളക്ടര്‍ എന്ന വിശേഷണമുണ്ടായിരുന്ന വി ആര്‍ കൃഷ്ണതേജയ്ക്കും സ്ഥലംമാറ്റമുണ്ടായി. ഇനി തൃശൂരാവും കൃഷ്ണതേജയുടെ തട്ടകം. കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കൃഷ്ണതേജയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *