തിരുവനന്തപുരം :ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലാ ക്യാമ്പസിൽ സ്ഥാപിക്കുന്ന സെന്റർ ഓഫ് എക്‌സലന്‍സിന്റെ (മികവിന്‍റെ കേന്ദ്രം) ധാരണാപത്രം കൈമാറി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർപേഴ്‌സൺ കൂടിയായ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും മലയാളം സര്‍വ്വകലാശാലയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്.
കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് എന്ന പേരിലാണ് ഈ കേന്ദ്രമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തിൽ എത്തിക്കാൻ സ്ഥാപിക്കുന്ന ഏഴ് മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നാണിത്. ഭാഷാവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഗവേഷണം, വിദ്യാഭ്യാസം, സാംസ്കാരിക വൈവിധ്യം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നതാണ് കേരള ലാംഗ്വേജ് നെറ്റ്‌വർക്ക്. കേരളത്തിലെ പ്രാദേശികഭാഷകളുടെയും മറ്റു ഇന്ത്യൻ, ആഗോള ഭാഷകളുടെയും പഠന-ബോധന പ്രക്രിയ മെച്ചപ്പെടുത്താനും, നവീന പഠനരീതികളും സാങ്കേതികവിദ്യകളും അന്തർവിഷയ ഗവേഷണവും ആവിഷ്കരിച്ച് കേരളത്തെ ഭാഷാമികവിന്റെ ആഗോളകേന്ദ്രമായി മാറ്റാനുമാണീ മികവിന്റെ കേന്ദ്രം. ബഹുഭാഷാപ്രാവീണ്യം പ്രോത്സാഹിപ്പിക്കലും സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കലും ഈ മികവിന്റെ കേന്ദ്രത്തിന്റെ ലക്ഷ്യമാണ് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
കേരള ലാംഗ്വേജ് നെറ്റ്വർക്ക് കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദേശഭാഷകളുടെയും പരിഭാഷയുടെയും ഉപകേന്ദ്രം, ഭാഷാ സാങ്കേതികവിദ്യകളുടെ ഉപകേന്ദ്രം,കേരളത്തിലെ തദ്ദേശഭാഷകളുടെ പഠന ഉപകേന്ദ്രം എന്നിവയും സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. ഇതിൽ വിദേശഭാഷകളുടെയും പരിഭാഷയുടെയും ഉപകേന്ദ്രം പൊന്നാനി ആസ്ഥാനമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കും – മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭാ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രങ്ങൾ കൈമാറിയത്. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് ഐഎഎസ്, ഉന്നതവിദ്യഭ്യാസ കൗൺസിലിനെ പ്രതിനിധീകരിച്ചു വൈസ് ചെയർമാൻ പ്രൊഫസർ രാജൻ ഗുരുക്കൾ , മെമ്പർ സെക്രട്ടറി പ്രൊഫസർ രാജൻ വർഗീസ്, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയെ പ്രതിനിധീകരിച്ച് വൈസ് ചാൻസലർ പ്രൊഫ. എൽ സുഷമ, രജിസ്ട്രാർ ഡോ. കെ എം ഭരതൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.