26/1/23
മലയാളിയായ ഗാന്ധിയന്‍ വി.പി. അപ്പുക്കുട്ട പൊതുവാള്‍, വിദ്യാഭ്യാസ വിദഗ്‌ധന്‍ സി.ഐ. ഐസക്ക്, നെല്ലിനങ്ങളുടെ ജീന്‍ബാങ്കര്‍ എന്നറിയപ്പെടുന്ന ചെറുവയല്‍ കെ. രാമന്‍, കളരിഗുരു എസ്.ആര്‍.ഡി. പ്രസാദ് എന്നിവര്‍ക്കു പത്മശ്രീ.
ആറുപേര്‍ക്കു പത്മവിഭൂഷണും ഒന്‍പതു പേര്‍ക്കു പത്മഭൂഷണും 91 പേര്‍ക്കു പത്മശ്രീയുമാണ് പ്രഖ്യാപിച്ചത്.
കര്‍ണാടക മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായ എസ്.എം. കൃഷ്‌ണ, കലാകാരന്‍ സക്കീര്‍ ഹുസൈന്‍, ശാസ്‌ത്രമേഖലയില്‍നിന്നുള്ള ശ്രീനിവാസ് വര്‍ധന്‍, ബാല്‍കൃഷ്‌ണ ധേഷി എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. കന്നഡ സാഹിത്യകാരന്‍ എസ്.എല്‍. ഭൈരപ്പ, വ്യവസായി കുമാര്‍ മംഗലം ബിര്‍ല, ദീപക് ധര്‍, ഗായിക വാണി ജയറാം, സ്വാമി ചിന്ന ജീയാര്‍, സുമന്‍ കല്യണ്‍പുര്‍, കപില്‍ കപുര്‍, കമലേഷ് ഡി. പട്ടേല്‍ എന്നിവര്‍ക്കാണു പത്മഭൂഷണ്‍.
ഇന്‍ഫോസിസ് സ്‌ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി, സംഗീത സംവിധായകന്‍ എം.എം. കീരവാണി, നടി രവീണ ഝണ്ഡന്‍, നാഗാ സാമൂഹിക പരിഷ്‌കര്‍ത്താവ് രാംക്യൂവാങ്‌ബേ ന്യൂമി, സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ഉറപ്പാക്കിയ ഡോ. മുനീശ്വര്‍ ചന്ദര്‍ ധവാര്‍, തമിഴ്‌നാട്ടില്‍നിന്നുള്ള പാമ്ബുപിടിത്തക്കാരായ വടിവേല്‍ ഗോപാല്‍, മാസി സദൈയന്‍, ഹോ ഭാഷയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ജനും സിങ് സോയ്, ബംഗാളിലെ നാടോടി ഗായകന്‍ മംഗള കാന്തി റോയി(102) എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.
ഓറല്‍ റീഹൈ്രഡേഷന്‍ തെറാപ്പി (ഒ.ആര്‍.എസ്) വികസിപ്പിച്ച ഡോക്‌ടറും ഗവേഷകനുമായിരുന്നു ദിലിപ് മഹലനാബിസ്. 1971ലെ ബംഗ്ലാദേശിലെ വിമോചനയുദ്ധകാലത്ത് അഭയാര്‍ഥി ക്യാമ്ബില്‍ കോളറയും ഡയേറിയയും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രക്ഷയായതു മഹലനാബിസിന്റെ കണ്ടുപിടിത്തമായിരുന്നു. പശ്‌ചിമ ബംഗാള്‍ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ ഒക്‌ടോബര്‍ 16ന് അന്തരിച്ചു.
ഗാന്ധിയന്‍ ദര്‍ശന വഴിയിലെ ചൈതന്യമായി മാറിയ ആളാണ് വി.പി. അപ്പുക്കുട്ട പൊതുവാള്‍. 1930ന് ഉപ്പു സത്യഗ്രഹജാഥ നേരിട്ടുകണ്ടതിന്റെ ആവേശത്തില്‍ അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി.
1934 ജനുവരി 12ന് ഗാന്ധിജിയെ കാണാനും പ്രസംഗം കേള്‍ക്കാനും കഴിഞ്ഞ അദ്ദേഹം പിന്നീടുള്ള ജീവിതം ഗാന്ധിമാര്‍ഗത്തിനായി നീക്കിവച്ചു.
കളരിപ്പയറ്റിനെ ആധാരമാക്കി നിരവധി പുസ്‌തകങ്ങള്‍ രചിച്ചയാളാണ് എസ്.ആര്‍.ഡി. പ്രസാദ്. ഏഴാം വയസില്‍ പിതാവ് ചിറയ്‌ക്കല്‍ പി. ശ്രീധരന്‍നായരില്‍നിന്നു കളരിപ്പയറ്റ് അഭ്യസിച്ചു. കണ്ണൂര്‍ സര്‍വകശാലയിലെ വിസിറ്റിങ് അധ്യാപകനാണ്.
നെല്ലിനങ്ങളുടെ ജീന്‍ബാങ്കറായാണു ചെറുവയല്‍ രാമന്‍ അറിയപ്പെടുന്നത്. വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കര്‍ഷകനാണ് തലക്കര ചെറിയ രാമന്‍ എന്ന ചെറുവയല്‍ രാമന്‍. 1969 ല്‍ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് മുഖേന കണ്ണൂര്‍ ഡി.എം.ഒ. ഓഫീസില്‍ വാര്‍ഡനായി 150 രൂപ ശമ്ബളത്തില്‍ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാന്‍ ഇഷ്‌ടമില്ലാത്തതിനാല്‍ സര്‍ക്കാര്‍ജോലി വേണ്ടെന്നുവച്ചു. കുറിച്യസമുദായത്തില്‍പ്പെട്ട അദ്ദേഹം 45 ഇനം നെല്ല് കൃഷിചെയ്‌തു സംരക്ഷിക്കുന്നു. പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം തന്റെ തോട്ടത്തില്‍ സംരക്ഷിച്ചുവരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസേര്‍ച്ച് അംഗമാണു പ്രഫ.സി.ഐ. ഐസക്ക്. വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാര്‍ എന്നിവരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്നു നീക്കാന്‍ നിര്‍ദേശിച്ച സമിതിയുടെ തലവനായിരുന്നു. കോട്ടയം സി.എം.എസ്. കോളജിലെ ചരിത്രാധ്യാപകനായിരുന്ന അദ്ദേഹം ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡന്റാണ്.
തമിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശിയാണു വാണി ജയറാം(77). മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, ഹിന്ദി ഭാഷകളിലായി നിരവധി ചലച്ചിത്രഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.