7/11/22
തിരുവനന്തപുരം:പാഠ്യപദ്ധതിപരിഷ്കരത്തിന് കുട്ടികൾക്കും അഭിപ്രായങ്ങൾ രേഖപെടുത്താവുന്ന പദ്ധതിക്ക് ഇന്ന് തുടക്കം.സംസ്ഥാന ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം ഭരതന്നൂര്‍ ഗവ. എച്ച്‌എസ്‌എസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. ഡി കെ മുരളി എംഎല്‍എ അധ്യക്ഷനാകും.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് പഠിക്കേണ്ട പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് വിദ്യാര്‍ഥികളുടെകൂടി അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നത്. ഇതിനായി വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആര്‍ടി) പ്രത്യേക ചര്‍ച്ചാ കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്. ‘ഗുണമേന്മയുള്ള അവകാശം’ കുട്ടികളുടെ അവകാശമെന്ന് പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് മുഴുവന്‍ സ്കൂളിലും ക്ലാസ്തല ചര്‍ച്ച നടത്തുന്നത്.
ഭാഷ ഉള്‍പ്പെടെയുള്ള പഠനവിഷയങ്ങളോടുള്ള താല്‍പ്പര്യം, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ കാഴ്ചപ്പാടുകള്‍, കായിക, ആരോഗ്യ, സാങ്കേതിക പഠനപദ്ധതികളെക്കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായങ്ങള്‍ തുടങ്ങിയവയാണ് കുട്ടികള്‍ക്ക് നല്‍കുന്ന ചോദ്യാവലിയിലൂടെ ശേഖരിക്കുന്നത്.
‘നിലവില്‍ ഭാഷ പഠിക്കുബോൾ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാം–- അവ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്തെല്ലാം’. ഇത്തരത്തില്‍ 14 വിഭാഗത്തിലായി നിരവധി ചോദ്യങ്ങളുണ്ട്. സ്കൂള്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് എസ്‌ആര്‍ജിമാര്‍ ബിആര്‍സികളില്‍ എത്തിക്കും. തുടര്‍ന്ന് ഇവ ക്രോഡീകരിച്ച് നിര്‍ദേശങ്ങള്‍ എസ്സിഇആര്‍ടിക്ക് സമര്‍പ്പിക്കും. ഒരുമാസത്തിനകം പൂര്‍ത്തിയാക്കുന്ന സ്കൂള്‍തല ചര്‍ച്ചകള്‍ ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നടത്തും.