തിരുവനന്തപുരം :സ്കൂൾ പാചക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്ന പദ്ധതി പരിഗണനയിലെന്ന് സർക്കാർ നിയമസഭയിൽ.
സംസാഥാനത്തെ സ്കൂള്‍ പാചകത്തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളും തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതും സംബന്ധിച്ച് ശ്രീ വി.ആർ. സുനിൽകുമാർ എം.എല്‍.എ. ഉന്നയിച്ചിട്ടുള്ള സബ്മിഷനുള്ള മറുപടിയായാണ് നിയമസഭയിൽ
തികച്ചും വികേന്ദ്രീകൃതമായ രീതിയിലാണ് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. സ്കൂള്‍ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചുമതല, സ്കൂള്‍ പിടിഎ പ്രസിഡന്റ് ചെയര്‍മാനും പ്രധാന അധ്യാപകന്‍/പ്രധാന അധ്യാപിക കണ്‍വീനറുമായ സ്കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റിയിലാണ് നിക്ഷിപ്പമായിരിക്കുന്നത്. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് തൊഴിലാളികളെ നിയമിക്കുന്നതും പ്രസ്തുത കമ്മിറ്റിയാണ്. കേന്ദ്ര മാര്‍ഗ്ഗരേഖ പ്രകാരം ഓണറേറിയം വ്യവസ്ഥയിലാണ് പാചകത്തൊഴിലാളികളെ സ്കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റികള്‍ നിയമിക്കുന്നത്. ഇപ്രകാരം സ്കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി നിയമിക്കുന്ന പാചകത്തൊഴിലാളികള്‍ക്ക് ഓണറേറിയം നല്‍കുക മാത്രമാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്ത വരുന്നത്.
കേന്ദ്ര മാർഗ്ഗ രേഖ പ്രകാരം നിശ്ചയിക്കപ്പെടുന്ന പദ്ധതി അടങ്കലിന്റെ 60% തുക കേന്ദ്ര സര്‍ക്കാരും 40% തുക സംസ്ഥാന സര്‍ക്കാരും വഹിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന പദ്ധതി അടങ്കലിന്റെ ഉപരിയായി വരുന്ന പദ്ധതി ചെലവ് സംസ്ഥാന സര്‍ക്കാരിന്റെ അധിക ബാദ്ധ്യതയാണ്. പാചകത്തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രതിമാസ നിര്‍ബന്ധിത ഓണറേറിയം 1000 രൂപ മാത്രമാണ്. ആയതില്‍ കേന്ദ്രവിഹിതം 600 രൂപയും സംസ്ഥാന വിഹിതം 400 രൂപയുമാണ്. എന്നാല്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി പോഷകാഹാരം ലഭ്യമാക്കുക എന്നതിനാല്‍, കേന്ദ്രം നിഷ്കര്‍ഷിച്ചിട്ടുള്ളതിനേക്കാള്‍ വളരെ കൂടുതല്‍ തുക ഓണറേറിയം ഇനത്തില്‍ സംസ്ഥാനം അധിക വിഹിതമായി നല്‍കി വരുന്നു. 17.06.2021 തിയതിയിലെ സർക്കാർ ഉത്തരവ് പ്രകാരം കേരളത്തില്‍ സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് നല്‍കുന്ന കുറഞ്ഞ പ്രതിദിന ഓണറേറിയം 600 രൂപയും പരമാവധി പ്രതിദിന ഓണറേറിയം 675/- രൂപയുമാണ്. ഇപ്രകാരം ആകെ 20 സ്കൂള്‍ പ്രവര്‍ത്തി ദിനങ്ങള്‍ക്ക് ഒരു പാചകത്തൊഴിലാളിക്ക് പ്രതിമാസം കുറഞ്ഞത് 12000/- രൂപയും കൂടിയത് 13500/- രൂപയും സംസ്ഥാന അധിക വിഹിതം ഉപയോഗിച്ച് അനുവദിക്കുന്നുണ്ട്. ഇത് കേന്ദ്രം പ്രതിമാസം നിഷ്കര്‍ഷിക്കുന്ന തുകയുടെ 12-13 ഇരട്ടിയാണ്. 60:40 എന്ന അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന ഫണ്ടും, സംസ്ഥാന അധിക വിഹിതവും ഉപയോഗിച്ചാണ് നിലവില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. ഓണറേറിയത്തിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്പര്യമെടുത്ത് 2017 മുതല്‍ സ്കൂള്‍ വേനലവധിക്കാലമായ ഏപ്രില്‍, മേയ് മാസങ്ങളില്‍ പാചകത്തൊഴിലാളികള്‍ക്ക് സമാശ്വാസമായി പ്രതിമാസം 2000/- രൂപ അനുവദിക്കുന്നുമുണ്ട്.
പാചകത്തൊഴിലാളികള്‍ക്ക് സ്കള്‍ അവധിക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ സമാശ്വാസം അനുവദിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാര്‍ നാളിതുവരെ പാചക തൊഴിലാളികളുടെ ഓണറേറിയത്തില്‍ യാതൊരു വര്‍ദ്ധനയും നല്‍കിയിട്ടില്ല എന്ന വസ്തുത നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ 2016-17 മുതല്‍ 2021-22 വരെ 5 തവണ ഓണറേറിയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏകദേശം 160 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം ഈ ഇനത്തില്‍ അധിക ബാധ്യത ഉണ്ടാകുന്നുണ്ട്.
മുന്‍കാലങ്ങളില്‍ പാചകത്തൊഴിലാളികള്‍ക്ക് മാസത്തിന്റെ 5 അല്ലെങ്കില്‍ 10-ാം തീയതിക്ക് മുമ്പായി ഓണറേറിയം നല്‍കി വന്നിരുന്നു. എന്നാല്‍ പി എഫ് എം എസ് (Public Financial Management System) നടപ്പിലാക്കിയ 2021-2022 വര്‍ഷം മുതല്‍ പി എഫ് എം എസ് മുഖേനയാണ് ഓണറേറിയം വിതരണം അടക്കമുള്ള പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ധന ഇടപാടുകളും നടത്തിവരുന്നത്. കേന്ദ്ര വിഹിതം ലഭ്യമായാല്‍ മാത്രമേ അതിന് ആനുപാതികമായ സംസ്ഥാന വിഹിതവും കൂടി ചേര്‍ത്ത് താഴെ തട്ടിലേക്ക് ഓണറേറിയം വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും കേന്ദ്ര വിഹിതം ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. ഇത് സമയബന്ധിതമായി താഴെതട്ടിലേക്ക് തുക ലഭ്യമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പാചകത്തൊഴിലാളികള്‍ അനുഭവിക്കുന്ന സാമ്പത്തിക ബ്ബദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണുന്നതിനായി സംസ്ഥാന അധിക വിഹിതത്തില്‍ നിന്നും പാചകത്തൊഴിലാളികള്‍ക്കുള്ള ഓണറേറിയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്.
നിലവില്‍ പാചകത്തൊഴിലാളികളുടെ 2024 ആഗസ്റ്റ് വരെയുള്ള മുഴുവന്‍ ഓണറേറിയവും വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സംസ്ഥാന അധിക വിഹിതത്തില്‍ നിന്നുള്ള പാചകത്തൊഴിലാളികളുടെ ഓണറേറിയവും ഇതിനോടകം തന്നെ വിതരണം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍,ഒക്ടോബര്‍,നവംബര്‍ മാസങ്ങളിലെ കേന്ദ്രമാനദണ്ഡ പ്രകാരമുള്ള പ്രതിമാസ 1000/- രൂപ വീതവും, ഡിസംബര്‍ മാസത്തെ മുഴുവന്‍ ഓണറേറിയവുൃമാണ് നിലവില്‍ കുടിശ്ശികയായി വിതരണം ചെയ്യവാന്‍ ഉള്ളത്. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കേന്ദ്രമാനദണ്ഡ പ്രകാരമുള്ള പ്രതിമാസ 1000/- രൂപ വിതരണം ചെയ്യുന്നതിലേയ്ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും നടപ്പ് വര്‍ഷത്തെ ആദ്യ ഗഡുവിന്റെ ബാലന്‍സ് തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പി എഫ് എം എസ് സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്. കൂടാതെ ഡിസംബര്‍ മാസത്തെ സംസ്ഥാന അധിക വിഹിതത്തില്‍ നിന്നുള്ള ഓണറേറിയം അനുവദിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ച് വരികയാണ്.
സ്കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് മിനിമം വേജസ് ആക്റ്റ് പ്രകാരമുള്ള മിനിമം വേതനം നിശ്ചയിച്ച് കൊണ്ട് തൊഴില്‍ വകുപ്പ് 2016 ഓഗസ്റ്റ് 8-ന് വിജ്ഞാപനം പുറപ്പെട്ടുവിച്ചിരുന്നു. പ്രസ്തുത വിജ്ഞാപനമനുസരിച്ച്, സ്കള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ കുറഞ്ഞ വേതനം പ്രതിദിനം 350 രൂപയായി നിശ്ചയിച്ചിരുന്നു. എന്നാൽ പിന്നീട് സർക്കാർ ഈ വിഷയം വിശദമായി പരിശോധിക്കുകയും സ്കൂൾ പാചക തൊഴിലാളികൾ കേന്ദ്രവിഷ്കാര പദ്ധതിക്ക് കീഴിൽ വരുന്നവരായതിനാലും നിലവിൽ മിനിമം വേതനത്തെക്കാൾ ഉയർന്ന തുക ഓണറേറിയം ആയി നൽകി വരുന്നതിനാലും മിനിമം വേജസ് ആക്ട് പ്രകാരമുള്ള മിനിമം വേതനം നൽകണമെന്ന ആവശ്യം 06.04.2022 ലെ ഉത്തരവ് പ്രകാരം നിരസിക്കുകയുണ്ടായി.
നിലവിലെ വ്യവസ്ഥകള്‍ പ്രകാരം 500 കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്യുവാന്‍ ഒരാളും, 500 ന് മുകളില്‍ രണ്ട് പേരും എന്ന കണക്കിലാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ പാചകത്തൊഴിലാളികളെ നിയമിക്കുന്നത്. എന്നാല്‍, തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാനം പിന്തുടരുന്ന രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മാര്‍ഗ്ഗരേഖയാണ് പിഎം പോഷണ്‍ മാർഗനിർദേശങ്ങളില്‍ പരാമര്‍ശിക്കുന്നത്. ആയത് ചുവടെ പറയും പ്രകാരമാണ്.
25 കുട്ടികള്‍ വരെ : ഒരു പാചകത്തൊഴിലാളി
26 മുതല്‍ 100 കട്ടികള്‍ വരെ – രണ്ട് പാചകത്തൊഴിലാളികള്‍
ആദ്യത്തെ 100 കട്ടികള്‍ക്ക് ശേഷം വരുന്ന ഓരോ 100 കട്ടികള്‍ക്കും – ഓരോ പാചകത്തൊഴിലാളി കൂടി അധികം
അതായത് കേന്ദ്ര സര്‍ക്കാര്‍ മാർഗനിർദേശങ്ങൾ അനുസരിച്ച്, 500 കുട്ടികള്‍ക്ക് 6 തൊഴിലാളികളെ നിയമിക്കേണ്ടതുണ്ട്. പക്ഷെ, കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനാല്‍ ടി മാര്‍ഗ്ഗരേഖ സംസ്ഥാനത്ത് നടപ്പിലാക്കുന്നത് പ്രായോഗികമാകുകയില്ല.
ഒരു നിശ്ചിത പ്രവൃത്തി ചെയ്യുന്നതിനുള്ള പ്രതിഫലമായി ഓണറേറിയം കൈപ്പറ്റിക്കൊണ്ട് ജോലിയില്‍ തുടരുന്ന പ്രസ്തുത തൊഴിലാളികള്‍ക്ക് പ്രതിമാസ ഓണറേറിയവും അവധിക്കാല സമാശ്വാസവും ഒഴികെ മറ്റൊരു തരത്തിലുള്ള ആനുകൂല്യങ്ങള്‍ക്കും നിലവിലെ വ്യവസ്ഥകള്‍ പ്രകാരം അര്‍ഹതയില്ല. ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരായതിനാല്‍ തന്നെ സ്ഥിരം ജീവനക്കാരാക്കുവാനോ ആശ്രിത നിയമനം നല്‍കുന്നതിനോ നിലവില്‍ വ്യവസ്ഥകളില്ല. കേന്ദ്ര സര്‍ക്കാര്‍ പാചകത്തൊഴിലാളികള്‍ക്ക് പെന്‍ഷനോ മറ്റ് ആനുകല്യങ്ങളോ അനുവദിച്ചിട്ടില്ല എന്നതിനാലും നിശ്ചിത സേവനം നിര്‍വഹിക്കുന്നതിനായി ഓണറേറിയം വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നവരായതിനാലും പെന്‍ഷന്‍ എര്‍പ്പെടുത്തുവാനും നിര്‍വാഹമില്ല. പാചക തൊഴിലാളികളെ ഇ.എസ്.ഐ. ഇ.പി.എഫ് പദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം തൊഴിലും നൈപുണ്യവും വകുപ്പ് പരിശോധിച്ചു വരികയാണ്. പാചകത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ലഭ്യമാക്കിയ പ്രൊപ്പോസൽ സര്‍ക്കാര്‍ പരിശോധനയിലാണ്. പാചകത്തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയം നിലവില്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പരിശോധിച്ച് വരികയാണ്.