‘ദി കേരള സ്റ്റോറി ‘ചരിത്ര സിനിമയല്ല, മതേതര സ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളും :ഹൈക്കോടതി1 min read

5/5/23

കൊച്ചി :ദി കേരള സ്റ്റോറി’ ചരിത്രസിനിമയല്ലെന്നും മതേതരസ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളുമെന്നും ഹൈക്കോടതി.

ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. ചിത്രം സാങ്കല്‍പികം മാത്രമാണ്. നവംബറിലില്‍ ടീസര്‍ ഇറങ്ങിയ ചിത്രത്തില്‍ ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലെ എന്നും കോടതി ചൂണ്ടികാട്ടി. ചിത്രത്തിന്റെ ടീസറും ടെയിലറും ഹൈക്കോടതി പരിശോധിക്കുന്നു.

‘ദ് കേരള സ്റ്റോറി’യുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജികള്‍ ജസ്റ്റിസ് എന്‍.നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. ഇന്നലെ സ്‌പെഷല്‍ സിറ്റിങ് നടത്തണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നില്ല.

മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശികളായ അഡ്വ. വി.ആര്‍.അനൂപ്, തമന്ന സുല്‍ത്താന, നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിജിന്‍ സ്റ്റാന്‍ലി എന്നിവരാണു കഴിഞ്ഞ ദിവസം ഹര്‍ജികള്‍ നല്‍കിയത്.

വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ.വി.മുഹമ്മദ് റസാക്ക്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ശ്യാം സുന്ദര്‍ എന്നിവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സിനിമയുടെ പ്രദര്‍ശനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി വീണ്ടും മടക്കിയിരുന്നു.

ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വീണ്ടും നിര്‍ദേശിച്ചു. സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ബി.ആര്‍.അരവിന്ദാക്ഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതിയും തള്ളി. വിഷയം സുപ്രീം കോടതിയും കേരള ഹൈക്കോടതിയും പരിഗണിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.

ദ് കേരള സ്റ്റോറി എന്ന സിനിമയുടെ സംവിധായകനും നിര്‍മാതാവിനുമെതിരെ മതവിദ്വേഷത്തിനു കേസെടുക്കണം എന്നാവശ്യപ്പെട്ടു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഡിജിപിക്കു പരാതി നല്‍കിയിരുന്നു. കേരളത്തിനെതിരെ വ്യാജ പ്രചാരണം നടത്താനുള്ള ശ്രമമാണു ചിത്രത്തിലൂടെ നടത്തുന്നതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി.

ചിത്രം തടയണമെന്ന ഹര്‍ജികള്‍ തള്ളണമെന്നാണ് സെന്‍സര്‍ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. 32,000 സ്ത്രീകളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തെന്ന അവകാശവാദം സിനിമയിലില്ല.

സിനിമയില്‍ ഇക്കാര്യം ഇല്ലാത്തതുകൊണ്ട് ടീസറില്‍ പ്രസക്തിയില്ല. ഒരുമതത്തെയും നിന്ദിക്കുന്ന വാക്കുകളോ ദൃശ്യങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *