കേരള സർവ്വകലാശാല സംഘടിപ്പിച്ച രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് തിരുവനന്തപുരത്ത് കൊടിയിറക്കം1 min read

 

തിരുവനന്തപുരം :കേരള സർവ്വകലാശാല സംഘടിപ്പിച്ച രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് തിരുവനന്തപുരത്ത് കൊടിയിറക്കം.

പാളയം സെനറ്റ് ഹാളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഒരു കാലഘട്ടം മുഴുവൻ കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളുടെ മനസ്സിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞ കലാരൂപമാണ് നാടകമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

ആ നാടകങ്ങളുടെ അവതരണത്തിലൂടെ സമൂഹത്തെ തന്നെ ചിന്തിപ്പിക്കുക മാത്രമല്ല മാറ്റിയെടുക്കൻ കഴിയുന്ന രീതിയിലേക്ക് മാറിയ പല നാടകങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സാമൂഹ്യമാറ്റത്തിൽ വലിയ പങ്കു വഹിക്കാൻ നാടകത്തിന് കഴിഞ്ഞു എന്നുള്ളത് തന്നെയാണ് നാടകത്തെ എപ്പോഴും ജനങ്ങളുടെ പ്രിയപ്പെട്ട പ്രസ്ഥാനമാക്കി നിലനിർത്താൻ കഴിഞ്ഞിട്ടുള്ളത്.

ആ നിലയിലേക്ക് ഒരോ നാടകത്തെക്കുറിച്ചും സമൂഹം ചർച്ച ചെയ്യാൻ കഴിയുന്ന തരത്തിൽ കേരള സർവ്വകലാശാല ഭരത് മുരളി നാടകോത്സവത്തെ പ്രചരിപ്പിക്കണം.

കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്താൻ കഴിയുന്ന തരത്തിലേക്ക് പല വിഷയങ്ങളെ നാടകത്തിലൂടെ അവതരിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്ന് അത് ഏറ്റവും അനിവാര്യവും അത്യാവശ്യവുമായ കാലഘട്ടമാണ് എന്നത് തർക്കമില്ലാത്ത കാര്യമാണെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

കേരള സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിൻഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ചെയർമാനുമായ അഡ്വ.ജി. മുരളീധരൻ സ്വാഗതം ആശംസിച്ചു.

നാടക പ്രവർത്തകനും അധ്യാപകനുമായ പ്രൊഫ. അലിയാർ ചടങ്ങിൽ ഭരത് മുരളി അനുസ്മരണ പ്രഭാഷണം നടത്തി.

അഞ്ച് ദിവസം നീണ്ട ഭരത് മുരളി നാടകോത്സവത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ 10 മലയാള നാടകങ്ങളാണ് അരങ്ങിലെത്തിയത്.

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അമേറ്റർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ മാടൻ മോക്ഷം, രണ്ടാമത്തെ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട പൊറാട്ട്, നാഷണൽ ഇന്റർ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ കേരള സർവ്വകലാശാലയുടെ അഭയ, സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ നാടക മത്സരത്തിൽ എ ഗ്രേഡ് നേടി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ 10 ഡി റാപ്പേഴ്സ് എന്നിവയാണ് നാടകോത്സവത്തിൽ അരങ്ങിലെത്തിയ ശ്രദ്ധേയ നാടകങ്ങൾ.

കൂടാതെ അടുത്തിടെ പ്രേക്ഷക പ്രശംസ നേടിയ മറ്റ്‌ നാടകങ്ങളും അരങ്ങിലെത്തി.

എല്ലാ നാടകങ്ങളും നിറഞ്ഞ സദസ്സിലാണ് അവതരിപ്പിച്ചത്.

നാടകാവതരണങ്ങളോടൊപ്പം നാടക സംബന്ധിയായ പ്രഭാഷണങ്ങളും ഭരത് മുരളി നാടകോത്സവത്തിന്റെ ഭാഗമായി നടന്നു.

ലോക നാടക ദിനമായ മാർച്ച്‌ 27 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്ത രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിൽ ആദ്യകാല നാടക പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും ആദരിച്ചിരുന്നു.

ഭരത് മുരളി നാടകോത്സവത്തിന്റെ മൂന്നാം പതിപ്പ് മുതൽ അമേറ്റർ നാടക മത്സരവും ഓപ്പൺ ഫോറവും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *