11/10/22
തിരുവനന്തപുരം :കേരള വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ 11 ന് മുമ്പ് തെരഞ്ഞെടുക്കണമെന്ന ഗവർണറുടെ അന്ത്യശാ സനം അട്ടിമറിക്കുന്നതിന് ഇടത് സെനറ്റ് അംഗങ്ങൾ ക്വാറം തികയാതിരിക്കാൻ യോഗത്തിൽ നിന്നും വിട്ടുനിന്നു. 21 പേരാണ് ക്വാറം.11 പേർ യോഗത്തിന് ഹാജരായി. പിവിസി യും ഗവർണർ നാമനിർദ്ദേശം ചെയ്ത 13 പേരിൽ രണ്ടുപേർ ഒഴികെ 11 പേരും വിട്ടുനിന്നവരിൽ പെടുന്നു.
സെനറ്റിന്റെ പ്രതിനിധി ഇല്ലാതെ ഗവർണർ രൂപീകരിച്ച വിസി നിയമന സെർച്ച് കമ്മിറ്റി പിരിച്ചുവിടണമെന്ന കഴിഞ്ഞ സെനറ്റ് യോഗം കൈക്കൊണ്ട
തീരുമാനം ഗവർണർ അംഗീകരിക്കാത്തതിനാൽ,സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കേണ്ടതില്ലെന്നതാണ് LDF അംഗങ്ങളുടെ നിലപാട്.
എന്നാൽ പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള അജണ്ടയുടെ അടിസ്ഥാനത്തിൽ ചേരുന്ന യോഗമായതുകൊണ്ട് യോഗം ചേർന്നാൽ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ബാധ്യസ്ഥമാകുമെന്നത് കൊണ്ടാണ് ക്വാറം ഇല്ലാതാക്കിയത്.യോഗത്തിൽ പങ്കെടുക്കാനെത്തിയവർ സർവ്വകലാശാലയിൽ എ ത്തിയിരുന്നുവെങ്കിലും യോഗഹാളിൽ പ്രവേശി ച്ചില്ല.
യോഗം ചേർന്നാൽ LDF അംഗങ്ങൾ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയും, UDF അംഗങ്ങൾ പ്രതിനിധിയുടെ പേര് നിർദ്ദേശിക്കുകയും ചെയ്താൽ അത് അംഗീകരിക്കാൻ വിസി ബാധ്യസ്ഥമാകുമെന്നത് ഒഴിവാക്കാനാണ് യോഗത്തിന് ക്വാറം ഇല്ലാതാക്കിയത്.
ജൂലൈ 15ന് നടന്ന സെനറ്റ് യോഗം തെരഞ്ഞെടുത്ത പ്രതിനിധി ആഗസ്റ്റ് നാലിന് പ്രതിനിധി സ്ഥാനം ഒഴിഞ്ഞ വിവരം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ട് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഓഗസ്റ്റ് 5 ന് ഗവർണർ ഉത്തരവിട്ടിരുന്നു.ആഗസ്റ്റ് 20 ന് ചേർന്ന സെനറ്റ് യോഗം സർവ്വകലാശാലയ്ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്നും കമ്മിറ്റി റദ്ദാക്കണമെന്നുമുള്ള നിലപാട് ഗവർണറെ അറിയിച്ചിരുന്നു.എന്നാൽ ഒക്ടോബർ പതിനൊന്നിനുമുൻപ് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന് ഗവർണർ വിസി ക്ക് കർശന നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിസി യോഗം വിളിച്ചു ചേർത്തത്.
സേർച്ച് കമ്മിറ്റി യിലേയ്ക്കുള്ള സെനറ്റ് പ്രതിനിധിയുടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച തിൽ പ്രതിഷേധിച്ചുകൊണ്ടും ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എം.എൽഎ മാരായ എം വിൻസെന്റ്, സി. ആർ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ സെനറ്റ് ഹാളിന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി.
ഗവർണർ നിരന്തരം ആവശ്യപ്പെടുകയും മൂന്ന് തവണ സെനറ്റ് യോഗം ചേരുകയും ചെയ്തിട്ട് സെനറ്റിന്റെ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാത്ത സാഹചര്യത്തിൽ നിലവിലെ സേർച്ച് കമ്മിറ്റിയോട് മേൽനടപടികൾ കൈകൊള്ളാൻ ഗവർണർ ആവശ്യപ്പെടുമെന്നറിയുന്നു.ക്വാറം തികയാതിരിക്കാൻ സഹായകമായി സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന ഗവർണറുടെ പ്രതിനിധികളെ പിൻവലിക്കുന്നതും ഗവർണറുടെ പരിഗണയിലാണ്.
വൈസ് ചാൻസലറുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കും.