തിരുവനന്തപുരം :യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാത്തത്തിൽ പ്രതിഷേധിച്ച് കേരള സർവകലാശാല ക്യാമ്പസിൽ പന്തൽ കെട്ടി സമരം ചെയ്യുന്ന ഒരുപറ്റം SFI വിദ്യാർത്ഥികൾ വൈസ് ചാൻസലറുടെ ചേമ്പറിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഗവർണർ ആവശ്യപ്പെട്ടു.
രജിസ്ട്രാറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കണ്ടെത്തിയതുകൊണ്ട് രജിസ്ട്രാർക്കെതിരെ അച്ചടക്കനടപടികൈ ക്കൊള്ളുന്നതിന്റെ ഭാഗമായി വിസി, രജിസ്ട്രാർ
കെ.എസ്. അനിൽ കുമാറിന് ഇന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകി.24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ വിസി ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു പറ്റം വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി വളപ്പിൽ കെട്ടിയ പന്തൽ പൊളിച്ചുമാറ്റാൻ വിസി നിർദ്ദേശിച്ചിട്ട് നടപടി കൈക്കൊള്ളാ ത്തതും, കഴിഞ്ഞദിവസം വിദ്യാർത്ഥികൾ വിസി യുടെ ചേമ്പറിൽ അതിക്രമിച്ച് കടന്ന് വിസി ക്കെതിരായ പോസ്റ്ററുകൾ പതിച്ചതും ഗുരുതര സുരക്ഷാവീഴ്ച്കയാണെന്നും അതിന് ഉത്തരവാദികൾക്കെതിരെ രജിസ്ട്രാർ നടപടി കൈക്കൊണ്ടില്ലെന്നും നോട്ടീസിൽ പറയുന്നു.
വിസി ഡോ:മോഹനൻ കുന്നുമ്മേലിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ചിത്രങ്ങളും സമരക്കാർ വിസി യുടെ ഓഫീസിൽ പതിച്ചിട്ടുണ്ട്. സർവ്വകലാശാലയിൽ ഗുരുതര സെക്യൂരിറ്റി വീഴ്ചയുള്ളതായി ഗവർണറുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അടിയന്തരമായി വിശദീകരണം തേടിയത്.
അതിക്രമിച്ചുകടന്ന വിദ്യാർത്ഥികളെ പോലീസ് നീക്കംചെയ്തിരുന്നു.14 പേരുടെ പേരിൽ കേസ് ചാർജ് ചെയ്ത് വിട്ടയച്ചു.
സർവ്വകലാശാല വളപ്പിനുള്ളിൽ പന്തൽ കെട്ടി സമരം ചെയ്യുന്നത് ഇതാദ്യമായാണ്. പന്തൽ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിട്ടും വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകി സമരം തുടരുന്നത്
സിൻഡിക്കേറ്റിലുള്ള ചില അംഗങ്ങളുടെ ഒത്താശയിലാണെന്ന ആക്ഷേപം ശക്തമാണ്.
മുൻപ്,മുൻ ഗവർണർക്കെതിരെ കറുത്ത ബാനർ സർവ്വകലാശാലയുടെ പ്രവേശനകവാടത്തിൽ കെട്ടിയിരുന്നത് അഴിച്ചുമാറ്റാൻ വിസി, രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും സിണ്ടിക്കേറ്റ് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് ബാനർ നീക്കം ചെയ്യാൻ രജിസ്ട്രാർ തയ്യാറായില്ല. ബാനർ മാറ്റുന്നതുവരെ വിസി ഓഫീസിൽ ഹാജരാകാതിരുന്നു .
യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കേസിൽ ഹൈക്കോടതി തീർപ്പ് കൽപ്പിക്കാതെ വിസി ക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. കോടതി വ്യാഴാഴ്ച കേസിൽ വാദം കേൾക്കും.
വിസി ഇന്നും യൂണിവേഴ്സിറ്റിയിൽ ഹാജരായില്ല.