തിരുവനന്തപുരം :കേരള വണിക വൈശ്യ സംഘത്തിന്റെ 82-ാം സംസ്ഥാനസമ്മേളനം 27 മുതൽ 30 വരെയുള്ള തീയതികളിൽ വിപുലമായ പരിപാടികളോടെ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിൽ വച്ചു നടത്തുന്നുവെന്ന് ചെയർമാൻ കുട്ടപ്പൻ ചെട്ടിയാർ . സമ്മേളന ഒരുക്കങ്ങൾ വിശദീകരിക്കുന്നതിന് വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം പറഞ്ഞത്.
സമ്മേളനത്തിന് മുന്നോടിയായി 25 ന് കേരളത്തിൽ ഉടനീളം പതാകാദിനമായി ആചരിക്കും. 27 ന് കരമനയിലും അമ്പലത്തറയിലുമുള്ള ശ്രീ ഉജ്ജനി മഹാകാളി അമ്മൻ കോവിലുകളിൽ നിന്നും പേരുർക്കട വിശാന്തിൽ നിന്നും പതാകാദീപശിഖാ കൊടിമരഘോഷയാത്രകൾ ആരംഭിക്കും. വൈകിട്ട് 7 മണിക്ക് പാളയം ക്തസാക്ഷി മണ്ഡപത്തിൽ എത്തുന്ന പതാകയും ദീപശിഖയും കായിക താരങ്ങൾ ഏറ്റു വാങ്ങി നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി റിലേയായി സമ്മേളന നഗറിൽ എത്തിക്കും.
28 ന് രാവിലെ നടക്കുന്ന ഉൽഘാടനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉൽഘാടനം ചെയ്യും. പ്രസിഡന്റ് എസ്സ്.കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിക്കും. സമുദായത്തിന്റെ പാരമ്പര്യ തൊഴിൽ ആയിരുന്ന നാടൻ ചക്കിൽ എണ്ണ ഉൽപാദിപ്പിക്കുന്ന സംവിധാനം കേരളത്തിൽ ഉടനീളം സ്ഥാപിക്കുന്നതിനും പരിശുദ്ധമായ എന്ന ജനങ്ങൾക്ക് നൽകുന്നതിനുമുള്ള ഡെമോൺസ്ട്രേഷന്റെ ഉൽഘാടനം ജയൻ ഒമാൻ നിർവ്വഹിക്കും. സമുദായചാര്യൻ ഏ.സി. താണുവിന്റെ അർദ്ധകായ പ്രതിമ എൻ.കെ. പ്രേമചന്ദ്രൻ എം.പി അനാച്ഛാദനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ യുവപ്രതികൾക്കുള്ള അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്യും. ശിൽപി മാസ്റ്റർ ആദിത്യൻ ഉൾപ്പെടെയുള്ള നിരവധി പ്രതികളെ ചാണ്ടി ഉമ്മൻ എംഎൽഎ ആദരിക്കും. ജി.ദേവരാജൻ വാണിയർ ദുരിതാശ്വാസനിധി വിതരണം ചെയ്യും. എംബിസിഎഫ് അംഗസംഘടനാ നേതാക്കളെ പാലോടുരവി മുൻ എംഎൽഎ ആദരിക്കും. 75 വയസ്സ് പൂർത്തിയാക്കിയ സംഘം നേതാക്കളെ ആൾ ഇന്ത്യാ തൈലിക് സാഹു മഹാസഭ ജനറൽ സെക്രട്ടറി ഡോ.അരുൺ ബാസ്മെ ആദരിക്കും. സമുദായത്തിന്റെ പാരമ്പര്യ കലയായ വില്ലടിച്ചാൻ പാട്ട് ക്രോഡീകരിച്ച് പുസ്തകമാക്കിയത്തിന്റെ പ്രകാശനം മറുനാടൻ മലയാളി ഷാജൻ സകരിയ നിർവ്വഹിക്കും ഗൾഫ് നാടുകളിലെ വണിക വൈശ്യ കൂട്ടായ്മയായ പ്രാസയുടെ പ്രസിഡന്റ് രതീഷ് വിൽപ്പാട്ടു കലാകാരന്മാരെ ആദരിക്കും.
വൈകിട്ട് 4 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്നും ഉജ്ജ്വല പ്രകടനം ആരംഭിക്കും. 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൽഘാടനം ചെയ്യും. മന്ത്രിവി. ശിവൻകുട്ടി മുഖ്യാതിഥിയായിരിക്കും. എംഎൽഎമാരായ വി. ജോയി, എം.വിൻസന്റ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.
വെള്ളിയാഴ്ച്ച രാവിലെ 9.30 മണിക്ക് വിദ്യാഭ്യാസ- തൊഴിൽ സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉൽഘാടനം ചെയ്യും. ഡോ. ഉമാ പുരുഷോത്തമൻ, ജയൻ ഒമാൻ എന്നിവർ വിഷയം അവതരിപ്പിക്കും. ഡോ. സുധാകരൻ,ഡോ. മധുസൂധനൻപിള്ള, മോഹൻകുമാർ ദുബായ് എന്നിവർ പ്രസംഗിക്കും. 11.30 മണിക്ക് രാഷ്ട്രീയവും ഭരണപങ്കാളിത്തവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉൽഘാടനം ചെയ്യും. അഡ്വ. സി. വിശ്വനാഥൻ വിഷയം അവതരിപ്പിക്കും. ജി.ദേവരാജൻ, കെ.റ്റി. സന്ദീപ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
2.30 മണി മുതൽ ഭരണഘടന – പ്രാതിനിദ്ധ്യം – സംവരണം – ജാതി സെൻസസ് എന്ന വിഷയത്തിൽ നിയമവിദഗ്ദനും നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറുമായിരുന്ന ഡോ. മോഹൻ ഗോപാൽ ക്ലാസ് എടുക്കും. ശശി തരൂർ എംപി ഉൽഘാടനം ചെയ്യും. ഐ. ബി. സതീഷ് എംഎൽഎ മുഖ്യാതിഥിയായിരിക്കും . നാലരമണിക്കു നടക്കുന്ന സാമൂഹിക നീതി സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും . പുന്നല ശ്രീകുമാർ,അഡ്വ. ഷെറി ജെ തോമസ്, അഡ്വ. പയ്യന്നൂർ ഷാജി തുടങ്ങിയ വിവിധ പിന്നോക്ക സമുദായ സംഘടനാനേതാക്കൾ സംസാരിക്കും.
രാത്രി 8 മണിക്ക് സംഘം സംസ്ഥാന ജനറൽബോഡി യോഗം ആരംഭിക്കും. ശനിയാഴ്ച്ച രാവിലെ 9.30 മുതൽ ജനറൽബോഡിയോഗം തുടരും.
ഉച്ചയ്ക്കു 2 മണി മുതൽ സമാപനസമ്മേളനവും അവകാശപ്രഖ്യാനവും നടക്കും . ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉൽഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ, മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ, വി. ശശി എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.എസ്സ്. പ്രശാന്ത്, തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
വണിക വൈശ്യ സമുദായത്തിന്റെ അവകാശങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 10 ലക്ഷം അംഗങ്ങൾ ഒപ്പിട്ട ഭീമഹർജ്ജി സമ്മേളനത്തിൽ വച്ച് മന്ത്രിമാർക്ക് സമർപ്പിക്കും. സംഘം നേതാക്കളായ എസ്സ്. സുബ്രഹ്മണ്യൻ ചെട്ടിയാർ, എം. മോഹനൻ, എം. രാമചന്ദ്രൻ ചെട്ടിയാർ, എ.മണികണ്ഠൻ, സി.വി.ഹരിലാൽ, തുടങ്ങിയ സംഘത്തിന്റെ സംസ്ഥാന ജില്ലാ പോഷകസംഘടനാ നേതാക്കൾ വിവിധ സമ്മേളനങ്ങളിൽ സംസാരിക്കും. തുടർന്ന് സംസ്ഥാന ഭാരവാഹി കളുടെ തെരഞ്ഞെടുപ്പു നടക്കുമെന്നും നേതാക്കൾ അറിയിച്ചു.