1/8/22
തിരുവനന്തപുരം :കൊല്ലം അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലില്‍ തമിഴ്‌നാട് മധുര സ്വദേശി കുമരന്‍, കൊല്ലമുള വില്ലേജിലെ പലകക്കാവ് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് സാമുവല്‍(22), അദ്വൈദ് (22) എന്നിവരാണ് മരിച്ചത്. കൊല്ലമുള ഭാഗത്ത് റബ്ബര്‍ തോട്ടത്തിലേക്ക് ഇരച്ച് കയറിയ വെളളത്തില്‍ ആണ് ഇരുവരും മുങ്ങി മരിച്ചത്. റാന്നി ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഒന്‍പതേമുക്കാലോടെ ആണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ മൃതദേഹം മുക്കൂട്ടുതറ അസീസി ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ സര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുറന്നു. കോട്ടയം ജില്ലയില്‍ മലയോര മേഖലകളിലേക്കു രാത്രി യാത്രയ്‌ക്കു കലക്‌ടര്‍ നിരോധനം ഏര്‍പ്പെടുത്തി. രാവിലെ 7 വരെ കര്‍ശന ഗതാഗത നിയന്ത്രണം. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു.
ഇടുക്കിയില്‍ ലോ റേഞ്ചിലും ഹൈറേഞ്ചിലും ഉരുള്‍പൊട്ടല്‍. വ്യാപക കൃഷി നാശം സംഭവിച്ചതായാണ് സൂചന. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ആരംഭിച്ച മഴ രാത്രി വൈകിയും ശമിച്ചിട്ടില്ല. മൂലമറ്റത്തിന് സമീപം മൂന്നുങ്കവയലിലും കണ്ണിക്കലും കുമളിക്ക് സമീപം ആനവിലാസത്തും ഉരുള്‍പൊട്ടി. മൂലമറ്റം പുത്തേട് വലിയതോടിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശം. മൂന്നിലവ് വാളകം കവനശേരി ഭാഗത്ത് ഉരുള്‍പൊട്ടി. വലിയ കല്ലുകള്‍ ഉരുണ്ടുവീണു മേച്ചാല്‍ വാളകം റോഡില്‍ ഗതാഗതം മുടങ്ങി. മൂന്നിലവ്, മേലുകാവ് തലനാട് പഞ്ചായത്തുകളില്‍ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. വാളകം പോട്ടന്‍പരകല്ല്, കവനശേരി ഭാഗങ്ങളിലും ഗതാഗതതടപ്പെട്ടു. പ്രദേശത്തു മരങ്ങളും വൈദ്യുതി തൂണുകളും ഒടിഞ്ഞു വൈദ്യുതി ബന്ധം തടസപ്പെട്ടു. മൂന്നിലവു ടൗണില്‍ എട്ട് അടിയോളം വെള്ളമുയര്‍ന്നു. വാകക്കാട് രണ്ടാറ്റുമുന്നി പാലം വെള്ളത്തിലായി.
മുണ്ടക്കയം വണ്ടന്‍പതാലില്‍ നാലുവീടുകളിലും പുഞ്ചവയല്‍ കുളമാക്കലില്‍ 12 വീടുകളിലും വെള്ളം കയറി.
പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ശക്‌തമായ മഴയും വെള്ളപ്പാച്ചിലും. നദികളില്‍ ജലനിരപ്പുയരുന്നു, തോടുകള്‍ കരകവിഞ്ഞു. അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കൂടല്‍, കലഞ്ഞൂര്‍, കോന്നി മേഖലകളിലും നദിയില്‍ വെള്ളം ഉയരുന്നു. സീതത്തോടിനു സമീപം കൊച്ചുകോയിക്കല്‍ തോട് കരകവിഞ്ഞു. കൊച്ചുകോയിക്കല്‍ നാലാം ബ്ലോക്കില്‍ മണ്ണിടിഞ്ഞ് വീടു തകര്‍ന്നു.
2022-08-01