വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാമത്1 min read

5/11/22

തിരുവനന്തപുരം :വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. കേരളത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

2020-21 ലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയുള്ള സൂചികയില്‍ കേരളം 928 പോയിന്റോടെയാണ് ഒന്നാമതെത്തിയത്. കേരളത്തിനൊപ്പം പഞ്ചാബും മഹാരാഷ്ട്രയും ഒന്നാം സ്ഥാനം പങ്കിട്ടു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂള്‍ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച്‌ തയ്യാറാക്കുന്ന പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്സില്‍ 928 പോയിന്റോടെ ഒന്നാമതെത്തിയിരിക്കുകയാണ് കേരളം. നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്കുയര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്.

2020-21 ലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും ഉയര്‍ന്ന പോയിന്റുകള്‍ കേരളം കരസ്ഥമാക്കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഗ്രേഡിങ്ങില്‍ നാം ഗണ്യമായി മുന്നേറിയിട്ടുണ്ട്. പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്സ് ആദ്യമായി പ്രസിദ്ധീകരിച്ച 2017-18 സമയത്ത് 826 പോയിന്റ് ലഭിച്ചത് തുടര്‍ വര്‍ഷങ്ങളില്‍ (2018-19, 2019-20) 862 പോയിന്റ്, 901 പോയിന്റ് എന്നിങ്ങനെ ഉയര്‍ത്തിയാണ് കേരളം മുന്നേറിയത്. ഇന്‍ഡക്സിന്റെ എല്ലാ മാനദണ്ഡങ്ങളിലും വലിയ മുന്നേറ്റം നടത്താന്‍ നമുക്കായി.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ചയെ തേടി ഇതുപോലുള്ള ധാരാളം അംഗീകാരങ്ങള്‍ വന്നെത്തുകയാണ്. അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാന സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്കാവണം. ഈ അംഗീകാരം ആ പരിശ്രമങ്ങള്‍ക്ക് ശക്തി പകരട്ടെ.

കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം ഏർപ്പെടുത്തിയ കേരള മാതൃക ഏറെ പ്രശംസ നേടിയതായിരുന്നു. പിന്നാലെയാണ് ഈ അംഗീകാരവും.

Leave a Reply

Your email address will not be published. Required fields are marked *