തിരുവനന്തപുരം :സഹകരണ മേഖലയില്‍ രണ്ടരലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനായതായും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, ആരോഗ്യമേഖലയിലെ ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ മേഖലയ്ക്ക് കഴിഞ്ഞതായും സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കൊച്ചിയില്‍ നടന്ന സഹകരണ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച 441 മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ സഹകരണമേഖലയുടെ വളര്‍ച്ചയുടെ തെളിവാണ്. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക സഹകരണ സ്ഥാപനമായി കേരള ബാങ്കിനെ രൂപപ്പെടുത്താനായതായും മന്ത്രി വ്യക്തമാക്കി. ‘കേരളത്തിലെ സഹകരണ മേഖല’ എന്ന വിഷയത്തില്‍ ടഗോര്‍ തീയേറ്ററില്‍ നടന്ന കേരളീയം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകരണ മേഖല ഇന്ന് ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ നടപ്പിലാക്കുന്നതെന്ന് നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സഹകരണമേഖലയിലെ സഹകരണ റിസ്‌ക് ഫണ്ട് സ്‌കീമും ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് സ്‌കീമും മികവുറ്റതാണ്. കേരളാ ബാങ്കും കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കും സംയോജിപ്പിക്കുന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. കേരളാ ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളുമായുള്ള ബന്ധം കൂടുതല്‍ മികച്ചതാക്കണം. പ്രവാസികളെ സഹകരണ മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ നടപടി വേണം. പ്രാഥമിക സഹകരണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് പരിഗണന നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന രംഗത്തേക്കുള്ള സഹണകരണമേഖലയുടെ ചുവടുവയ്പ്പും കൊവിഡ് കാലത്തെ ഇടപെടലുകളും സെമിനാറില്‍ പ്രത്യേക പ്രശംസ നേടി. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ സഹകരണമേഖലയുടെ സംഭാവനകളും പ്രകീര്‍ത്തിക്കപ്പെട്ടു. മേഖലയിലേക്ക് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനും സഹകരണ സംഘങ്ങളുടെ ഭരണത്തില്‍ സ്ത്രീ പ്രതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശവും സെമിനാര്‍ മുന്നോട്ടുവച്ചു.
സ്വയംഭരണം, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ മുന്നേറ്റം സഹകരണ മേഖലയ്ക്ക് വേണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ് ആനന്ദിലെ പ്രൊഫസര്‍ ശംഭു പ്രസാദ് പറഞ്ഞു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനും സഹകരണ മേഖലയും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. സഹകരണ മേഖലയില്‍ ഗവേഷണങ്ങള്‍ ശക്തിപ്പെടുത്താന്‍ നടപടി വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെയും ക്ഷീര സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ കോ-ഓപ്പറേറ്റീവ് യൂണിറ്റ് മേധാവി സിമെല്‍ എസിം പ്രശംസിച്ചു. സ്‌പെയിനിലെ ബാസ്‌ക് പ്രവിശ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയിലെ മോണ്‍ട്രാഗണ്‍ കോ-ഓപ്പറേഷന്റെ പ്രതിനിധി മൈക്കിള്‍ ലിസാമിസ് മേഖലയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.
സഹകരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിനി ആന്റണി സെമിനാറില്‍ വിഷയാവതരണം നടത്തി. ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് പ്രതിനിധി ഗണേശ് ഗോപാല്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് ചെയര്‍മാന്‍ രമേശന്‍ പാലേരി, കേരള വനിതാ സഹകരണ ഫെഡെറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ ആര്‍ വിജയ, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി വി സുഭാഷ് എന്നിവരും സെമിനാറില്‍ സംസാരിച്ചു. സെമിനാറില്‍ സഹകരണ വകുപ്പിന്റെ കോഫി ടേബിള്‍ ബുക്ക് മന്ത്രി വി എന്‍ വാസവന്‍ നബാര്‍ഡ് ചെയര്‍മാന്‍ കെ വി ഷാജിക്കു നല്‍കി പ്രകാശനംചെയ്തു.