കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം :3പേർ പിടിയിൽ, പിടിയിലായവരെ കുട്ടി തിരിച്ചറിഞ്ഞില്ല1 min read

1/12/23

കൊല്ലം :ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ 3പേർ കസ്റ്റഡിയിൽ. ഇവർ ഒരു കുടുംബത്തിൽപെട്ടവരാണെന്ന് സൂചന. പ്രതികളെ അടൂർ പോലീസ് ക്യാമ്പിൽ എത്തിച്ചു.

ഇവരില്‍നിന്ന് രണ്ട് കാറുകളും, ഒരു ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. ഔദ്യോഗിക വിവരങ്ങള്‍ പോലീസ് ഉടൻ പുറത്തുവിടും. പിടിയിലായവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് വിവരം.

ഉച്ചയ്ക്ക് 1.45-നാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായൊരാള്‍ ചാത്തന്നൂര്‍ സ്വദേശിയാണെന്നും സൂചനയുണ്ട്. തട്ടിക്കൊണ്ടുപോയവരില്‍ മൂന്ന് പേരും കേസുമായി നേരിട്ട് ബന്ധമുള്ളവരാണ് എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

പട്ടാപ്പകല്‍ ആറ് വയസുകാരിയെ ഓയൂരിലെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയും പോലീസും നാട്ടുകാരും ഉടൻതന്നെ വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാപക പരിശോധനയ്ക്കിടയിലും പോലീസിന്റെ കണ്ണുവെട്ടിച്ച്‌ പ്രതികള്‍ക്ക് കൊല്ലം നഗരത്തില്‍ എത്താൻ കഴിഞ്ഞത് എങ്ങനെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച്‌ ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാൻ കഴിയാതിരുന്നതും കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനംപോലും കണ്ടെത്താൻ കഴിയാതിരുന്നതും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *