13/2/23
പത്തനംതിട്ട :ജനീഷ്കുമാര്‍ എംഎല്‍എയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി തഹസീല്‍ദാര്‍. ഡെപ്യൂട്ടി തഹസീല്‍ദാര്‍ എം.സി. രാജേഷ് ഇട്ട പോസ്റ്റിനെതിരേ എംഎല്‍എ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എയുടെ നാടകമാണ് യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അടിസ്ഥാനമെന്നാണ്136 അംഗങ്ങളുള്ള ഗ്രൂപ്പിലിട്ട പോസ്റ്റിലെ ആരോപണം. കാലിനു സ്വാധീനമില്ലാത്തയാളെ കാശുകൊടുത്തുകൊണ്ടുവന്നത് ആസൂത്രിതമാണെന്നും ചാറ്റില്‍ പറയുന്നു.
ഓഫീസില്‍ കയറി എംഎല്‍എയ്ക്ക് ഹാജര്‍പുസ്തകവും മറ്റും പരിശോധിക്കാന്‍ അധികാരമില്ലെന്ന മട്ടിലുള്ള വിമര്‍ശനങ്ങളാണ് ചാറ്റിലുള്ളത്. എംഎല്‍എ താലൂക്ക് ഓഫീസില്‍ നിറഞ്ഞാടുകയായിരുന്നുവെന്നാണു സംഭവദിവസം ഓഫീസിലുണ്ടായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാരുടെ പരാമര്‍ശം. കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് ഓഫീസിലുണ്ടായതെന്നും ആരോപണമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണു താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ടഅവധിയെടുത്തതിന്‍റെ പേരില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ട് എംഎല്‍എ ഇടപെട്ടത്. ചാറ്റ് പുറത്തുവന്നതോടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ജനീഷ്കുമാര്‍ എംഎല്‍എയും രംഗത്തെത്തി. ഡെപ്യൂട്ടി തഹസില്‍ദാരുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയ ഇദ്ദേഹത്തിനെതിരേ പരാതി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. ക്വാറി ബസുടമയുടെ വാഹനം യാത്രയ്ക്ക് ഉപയോഗിച്ചതു സംബന്ധിച്ച ആരോപണം ജനീഷ് കുമാര്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഓരോദിവസവും കുരുക്കുകള്‍ സ്വയം സൃഷ്ടിക്കുകയാണ് ജീവനക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജീവനക്കാരുടെ യാത്ര ബസുടമ സ്പോണ്‍സര്‍ ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ട്രാവല്‍സ് മാനേജര്‍ രംഗത്തെത്തി.