കോട്ടയം സൈബർ കേസ് പ്രതി അരുൺ ആത്മഹത്യ ചെയ്ത നിലയിൽ1 min read

4/5/23

കാസർകോട് :കോട്ടയം സൈബർ ആക്രമണത്തെ തുടർന്ന് ആതിര ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി അരുൺ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട് ലോഡ്ജിലാണ് അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സമീപത്തുനിന്ന് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയതോടെയാണ് മരിച്ചത് അരുണ്‍ ആണെന്ന് പൊലീസ് ഉറപ്പിച്ചത്.

കോതനല്ലൂര്‍ സ്വദേശി വി.എം. ആതിര (26) സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്.ആതിരയുടെ മുന്‍ സുഹൃത്താണ് അരുണ്‍. ഇയാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് അരുണിനായി ലുക്ക് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഐ.എ.എസ് ഉദ്യോഗസ്ഥനും മണിപ്പൂരില്‍ സബ് കളക്ടറുമായ ആശിഷ് ദാസിന്റെ ഭാര്യാസഹോദരിയായ ആതിരയെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മാനസിക പീഡനത്തെത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്ബ് അരുണുമായുള്ള പ്രണയ ബന്ധത്തില്‍ നിന്ന് ആതിര പിന്മാറിയിരുന്നു. സമീപവാസികളായിരുന്നു ഇരുവരും. അടുത്തിടെ ആതിരയ്ക്ക് മറ്റ് വിവാഹാലോചനകള്‍ വന്നതിന് പിന്നാലെ ഇയാള്‍ ഭീഷണിയും സൈബര്‍ ആക്രമണവും തുടങ്ങി. ഞായറാഴ്ച ആതിരയുടെ പെണ്ണുകാണല്‍ ചടങ്ങായിരുന്നു. അതറ‌ിഞ്ഞ് അരുണ്‍ വീണ്ടും ഫേസ്ബുക്കില്‍ ആതിരയുടെ ചിത്രങ്ങളടക്കം പങ്കുവച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അരുണിനെ ഫോണില്‍ വിളിച്ച്‌ തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും അരുണ്‍ പിന്‍വാങ്ങിയില്ല. ആശിഷ് ദാസിനെയും ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ചു. ഇതില്‍ മനംനൊന്താണ് ആതിര ജീവനൊടുക്കിയത്. ആതിരയുടെ മാനസികാവസ്ഥ ആശിഷ് ദാസ് പൊലീസിനെ അറിയിച്ചിരുന്നു.

കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ വെബ് ഡിസൈനറായിരുന്നു ആതിര. തിങ്കളാഴ്ച രാവിലെ 6.30ന് ജോലിയ്ക്ക് പോകുന്നതിനായി അമ്മ വിളിച്ചെങ്കിലും പോകുന്നില്ലെന്നും കുറച്ചു നേരംകൂടി കിടക്കട്ടെയെന്നും പറഞ്ഞ് മുറി അടയ്ക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *