17/4/23
കോഴിക്കോട് :എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാരൂഖ് ഫക്രുദ്ദീന്‍ സെയ്ഫി തീവ്ര ആശയങ്ങള്‍ പ്രകടിപ്പിക്കുന്നയാളെന്ന് പോലീസ്.
അത്തരം സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും ട്രെയിന്‍ തീ വെയ്പ് കേസില്‍ ഇയാള്‍ക്ക് പുറത്തുനിന്നും സഹായം കിട്ടിയിട്ടുണ്ടോ എന്നും അന്വേഷിക്കും. തെളിവുകളുടെ പശ്ചാത്തലത്തിലാണ് ഇയാള്‍ക്കെതിരേ യുഎപിഎ ചുമത്തിയതെന്നും പറഞ്ഞു.
തീവ്ര ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന വീഡിയോ ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തി. ഇയാള്‍ നിരന്തരം ഇത്തരം വീഡിയോകള്‍ കണ്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇയാള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എഡിജിപി
എം ആര്‍ അജിത്കുമാര്‍ പ്രതികരിച്ചു. ട്രെയിന്‍ തീ വെയ്പ്പ് ആസൂത്രിതമാണെന്നും പറഞ്ഞു. വധശിക്ഷവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണു പ്രതിക്കെതിരേ ചുമത്തിയത്. യു.എ.പി.എ. സെക്ഷന്‍ 15 പ്രകാരമുള്ള ഭീകരപ്രവര്‍ത്തനം നടത്തിയെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നു പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിക്ക് നല്‍കി.
കേസില്‍ യു.എ.പി.എ ചുമത്തിയതോടെ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കും. സംഭവത്തില്‍ ഭീകരബന്ധമുണ്ടെന്നു കൊച്ചി എന്‍.ഐ.എ. ബ്രാഞ്ച് എന്‍.ഐ.എ. ഹെഡ്ക്വാര്‍ട്ടേഴ്‌സിന് കഴിഞ്ഞ 13 നു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണു കേസില്‍ യു.എ.പി.എ വകുപ്പ് ചേര്‍ത്തുന്നത്. ഐ.പി.സി 307,326 എ, 436,438, റെയില്‍വേ ആക്‌ട് 151 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസില്‍ എഫ്.ഐ.ആര്‍. ചുമത്തിയിരുന്നത്. കേസ് എന്‍.ഐ.എ. ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും.