6/4/23
തിരുവനന്തപുരം :തീവണ്ടിയിൽ ആക്രമണം നടത്തിയ പ്രതി ഷാരൂഖിന്റെ പ്രാഥമിക മൊഴി പുറത്ത്.
തീ വെപ്പിന് ശേഷം അതേ ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തിയെന്നാണ് പ്രതിയുടെ മൊഴി. സംഭവ ശേഷം റെയില്‍വെ സ്റ്റേഷനില്‍ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമില്‍ ഒളിച്ചിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
പുലര്‍ച്ചയോടെയാണ് രത്നഗിരിയിലേക്ക് പോയത്. ജനറല്‍ കംബാർട്ടുമെന്റിൽ യാത്ര ചെയ്തത് ടിക്കറ്റ് എടുക്കാതെയാണ്. കേരളത്തില്‍ എത്തുന്നത് ആദ്യമായാണെന്നും ഷാരൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. അതേസമയം അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘കുബുദ്ധി’ കൊണ്ടെന്നായിരുന്നു പ്രതിയുടെ മറുപടി. എന്നാല്‍ ഇയാളുടെ ഈ മൊഴി മുഖവിലക്കെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അക്രമം നടത്തിയ ട്രെയിനില്‍ തന്നെയാണ് പ്രതി രക്ഷപ്പെട്ടതെന്ന മൊഴി ഗുരുതരമായ കാര്യമാണെന്നും പൊലീസ് പറഞ്ഞു.
ആക്രമണം നടത്തിയാല്‍ നല്ലത് സംഭവിക്കുമെന്ന് ഒരാള്‍ ഉപദേശിച്ചതിനെ തുടര്‍ന്നാണ് ഇതിന് വേണ്ടി മുതിര്‍ന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നു. യാത്രക്കിടെയാണ് ഇയാളെ പരിചയപ്പെട്ടത്. കോഴിക്കോട്ടേക്കുള്ള ജനറല്‍ ടിക്കറ്റാണ് കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ ഏത് സ്റ്റേഷനിലാണ് ഇറങ്ങിയതെന്നറിയില്ല. ട്രെയിന്‍ ഇറങ്ങിയതിന് പിന്നാലെ പമ്ബില്‍ പോയി മൂന്ന് കുപ്പി പെട്രോള്‍ വാങ്ങി. തൊട്ടടുത്ത ട്രെയിനില്‍ കയറി അക്രമണം നടത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ച ശേഷം കയ്യില്‍ കരുതിയ ലൈറ്റര്‍ കൊണ്ട് കത്തിച്ചുവെന്നും പ്രതി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
എന്നാൽ പ്രതിയുടെ പ്രാഥമിക മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനായി ഷാരൂഖിനെ കോഴിക്കോട് എത്തിച്ചു. ADGP എം. ആർ. അജിത് കുമാറും, iG നീരജികുമാറിന്റെയും നേതൃത്വത്തിൽ മാലൂർകുന്ന് ക്യാമ്പിൽ വച്ച് പ്രതിയെ ചോദ്യം ചെയ്യും. അതേസമയം മതിയായ സുരക്ഷ ഇല്ലാതെയാണ് പ്രതിയെ എത്തിച്ചതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.