തിരുവനന്തപുരം ::പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമപെന്ഷന് നല്‍കാനും കുടുംബശ്രീക്കാരുടെ കുടിശിക തീര്‍ക്കാനും മറ്റും വിനിയോഗിക്കണം. ഭാവി കേരളത്തോട് പിണറായി ചെയ്ത ഈ കൊടുക്രൂരതയെക്കുറിച്ചാണ് ലോകായുക്ത ദിനത്തില്‍ കൊട്ടിഘോഷിച്ചു നടത്തിയ പൊതുസമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1264 കേസുകളാണ് ലോകായുക്ത കൈകാര്യം ചെയ്തിരുന്നതെങ്കില്‍ 2023ല്‍ വെറും 197 ഹര്‍ജികള്‍ മാത്രമാണ് പരിഗണിക്കുന്നത്. ലോകായുക്തയും ഉപലോകായുക്തയും വാര്‍ഷിക ശമ്പളമായി 56 ലക്ഷത്തോളം രൂപ കൈപ്പറ്റുകയും നാലുകോടിയോളം രൂപ ഓഫീസ് ചെലവിനായി വിനിയോഗിക്കുകയും ചെയ്യുന്ന ഈ സംവിധാനത്തെ കേരളം തീറ്റിപ്പോറ്റേണ്ടതുണ്ടോയെന്ന് ജനം തീരുമാനിക്കണം. ആത്മാഭിമാനം നഷ്ടപ്പെട്ടവരാണ് ഇന്ന് ലോകയുക്തയിലുള്ളത്. ലോകായുക്ത നിര്‍ജീവമായതോടെ പിണറായും മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിഞ്ഞാടുകയാണിപ്പോള്.
പെന്‍ഷനും ശമ്പളവും നല്കാനാവാതെ ഏതുനിമിഷവും താഴുവീഴാവുന്ന ദുരവസ്ഥയില്‍ കണ്ണീരും കയ്യുമായി കെഎസ്ആര്‍ടിസിയും ജീവനക്കാരും നില്‍ക്കുമ്പോഴാണ് നവകേരള സദസ്സിന്റെ പേരില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടമായി സഞ്ചരിക്കാന്‍ ഒരു കോടിരൂപയുടെ ബസ്സ് വാങ്ങാന്‍ പണം അനുവദിച്ചത്. സാമൂഹ്യക്ഷേമ പെന്ഷന് കിട്ടാത്തിന്റെ പേരില്‍ ഭിക്ഷാടനത്തിന് ഇറങ്ങിയ മറിയക്കുട്ടിയെന്ന വയോധികയെ കല്ലെറിയുകയും കര്‍ഷകരുടെ കൊയ്ത്തുകഴിഞ്ഞ നെല്ല് സംഭരിക്കുകയോ,അതിന്റെ പണം കൃത്യമായി നല്‍കുകയോ ചെയ്യാതിരിക്കുമ്പോഴാണ് കോടികള്‍ മുടക്കി ബസ് വാങ്ങുന്നത്. പണം കിട്ടാത്തതുമൂലം സപ്ലൈക്കോയ്ക്ക് കര്‍ഷകര്‍ നെല്ലുപോലും കൊടുക്കാത്ത ദാരുണമായ അവസ്ഥയാണ്. പൊളിഞ്ഞു പാളീസായ കെഎസ്ആര്‍ടിസിയുടെ ബജറ്റില്‍നിന്നാണ് ബസ് വാങ്ങുന്നതെന്നു ന്യായീകരിച്ച വകുപ്പ് മന്ത്രിയെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുന്ന നാള് വിദൂരമല്ലെന്നും സുധാകരന് പറഞ്ഞു.
നവ കേരള സദസ്സ് ;തട്ടിപ്പിന്റെ പുതിയമുഖമെന്ന് കെ സുധാകരന് എംപി
സഹകരണ സംഘങ്ങളെ കൊള്ളയടിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കിപ്പിഴിഞ്ഞും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന നവ കേരള സദസ്സ് ജനരോഷത്തില്‍ നിന്ന് തടിതപ്പി കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എംപി.
നവകേരള സദസ്സിന്റെ പേരില്‍ അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തുമാണ് നടത്തുന്നത്. സാധാരണക്കാരന്റെ നിക്ഷേപം കൊണ്ട് പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്നും എത്ര തുകവേണമെങ്കിലും നവ കേരള സദസിന് സംഭാവന നല്കാന് അനുവാദം നല്കുന്ന സഹകരണ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ക്വാട്ട നിശ്ചയിച്ച് ഫണ്ട് നല്‍കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഉത്തരവ് അതിന് തെളിവാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സഹകരണ-തദ്ദേശ സ്വയംഭരണ മേഖലയെ തകര്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. മൊട്ടുസൂചി വാങ്ങാന്‍ പോലും കാശില്ലാത്ത ഖജനാവിനെ സൃഷ്ടിച്ച സര്‍ക്കാരിന്റെ പിആര്‍ എക്സര്‍സെെസിന്റെ ഭാഗമാകേണ്ട ആവശ്യം യുഡിഎഫ് ഭരിക്കുന്ന തദ്ദേശ -സ്വയംഭരണ സ്ഥാപനങ്ങള്‍ക്കില്ലെന്നും അതുകൊണ്ട് നവ കേരള സദസ്സുമായി യുഡിഎഫ് ഭരണസമിതികള്‍ സഹകരിക്കുകയോ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു സഹകരണ സംഘങ്ങളും നവ കേരളസദസിന് വേണ്ടി പണം നല്‍കുകയോയില്ല. അതിന് കടകവിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സുധാകരന് മുന്നറിയിപ്പ് നല്കി.
കോടികളുടെ നിക്ഷേപ കൊള്ള നടത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പ്രതിച്ഛായ നിര്‍മ്മിതിക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണ മാമാങ്കത്തിന്റെ പേരില്‍ സഹകരണ സംഘങ്ങളുടെ പണം തട്ടിയെടുക്കാന്‍ ഇതുപോലൊരു ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. സര്‍ക്കാരിന്റെ ആര്‍ഭാടത്തോടെയുള്ള പ്രതിച്ഛായ നിര്‍മ്മിതിക്കാണ് വിവിധ സര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട് കെെയ്യിട്ട് വാരുന്നത്.സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനം സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചല്ല നടത്തേണ്ടതെന്നും സുധാകരന് പറഞ്ഞു.