സപ്തതി നിറവിൽ പ്രിയ നേതാവ് കുട്ടപ്പൻ ജി..
‘കഴിഞ്ഞ മുപ്പതിലേറെ വർഷമായി എംബിസിഎഫ് എന്ന സംഘടനയെ നയിച്ചു വരുന്ന ഇന്നത്തെ എം ബി സി എഫ് പ്രസിഡന്റ് ശ്രീ എസ് കുട്ടപ്പൻ ചെട്ടിയാർ സപ്തതി ആഘോഷ നിറവിൽ ആണ്.
1953 ജനുവരിയിൽ കൊല്ലം ഉളിയക്കോവിൽ തടത്തിൽ വീട്ടിൽ വി സുബ്രഹ്മണ്യം ചെട്ടിയാരുടെയും ഭഗവതി അമ്മാളുടെയും നാലാമത്തെ മകനായി ജനനം. ഉളിയക്കോവിൽ ഗവൺമെന്റ് എൽപി സ്കൂളിലും കോയിക്കൽ ഗവൺമെന്റ് യുപി സ്കൂളിലും മാങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിലും ആയി സ്കൂൾ വിദ്യാഭ്യാസം. കൊല്ലം ടികെഎം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രീഡിഗ്രി, എസ് എൻ കോളേജിൽ ഡിഗ്രി. ഡിഗ്രി കഴിഞ്ഞ ഉടനെ കൊല്ലത്ത് കരുണ കാഷ്യു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. വിദ്യാർത്ഥി ആയിരിക്കെ തന്നെ സമുദായ, രാഷ്ട്രീയ സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചുകൊണ്ട് സജീവമായിരുന്നു. മുപ്പതാമത്തെ വയസ്സിൽ കരുണ കാഷ്യു കമ്പനിയിലെ ജോലി രാജിവെച്ച് കേരള വണിക വൈശ്യ സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തു. അതോടുകൂടി സജീവ രാഷ്ട്രീയ പ്രവർത്തനം മതിയാക്കി ഫുൾടൈം സമുദായിക പ്രവർത്തകനായി.
ഇതുകൂടാതെ കേരളത്തിൽ എല്ലാ തലങ്ങളിലും ഏറ്റവും പിന്നോക്കം നിൽക്കുന്ന പരമ്പരാഗത തൊഴിൽ സമുദായങ്ങളെ, പ്രത്യേകമായി സംവരണമോ മറ്റ് അവകാശങ്ങളോ ഇന്നുവരെ ലഭിക്കാത്ത 30 സമുദായങ്ങളെ സംഘടിപ്പിച്ചുകൊണ്ട് മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ എന്ന ഒരു സംഘടന 1992 ൽ രൂപീകരിച്ചു. ഈ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായി, 30 വർഷം അതിന്റെ ജനറൽ സെക്രട്ടറിയായി, ഇപ്പോൾ പ്രസിഡന്റ് ആയും തുടരുന്നു. എംബിസിഎഫിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തി. 2014 മെയ് മാസത്തിൽ യുഡിഎഫ് സർക്കാരിൽ നിന്നും ഓ ഈ സി വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിപ്പിച്ചു. 30 സമുദായങ്ങളിലെ ആറ് ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ഒരു രൂപ പോലും ഫീസ് കൊടുക്കാതെയും, ലംസം ഗ്രാന്റും, സ്റ്റൈപന്റും വാങ്ങിക്കൊണ്ടും എൽകെജി മുതൽ ഏതറ്റം വരെയും പഠിക്കുന്നതിനുള്ള അവസരമാണ് ഇത് മൂലമുണ്ടായത്. 30 സമുദായങ്ങളിലെ ലക്ഷക്കണക്കിന് കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നു. ഇത് നേടിക്കൊടുത്തതിൽ മുഖ്യ പങ്കു വഹിച്ചു. ഇടതു സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞു ഈ ആനുകൂല്യം നിർത്തലാക്കാൻ ശ്രമിച്ചപ്പോൾ ഇതിനെതിരെ 30 സമുദായങ്ങളിലെ ലക്ഷക്കണക്കിന് അംഗങ്ങളെ അണിനിരത്തി എംബിസിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ പിണങ്ങി കിടപ്പ് സമരം നടത്തി. തുടർന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോയതിനെ തുടർന്ന് ഓഈസി ആനുകൂല്യങ്ങൾ ഇപ്പോഴും ഈ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക, ന്യൂനപക്ഷ സമുദായങ്ങളെ ഒരുമിച്ച് അണിനിരത്തിക്കൊണ്ട് സംവരണ സമുദായ മുന്നണി രൂപീകരിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചു. ഇപ്പോൾ സംവരണ സമുദായ മുന്നണിയുടെ പ്രസിഡന്റ് ആണ്. മുന്നണിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും കേരളത്തിലുടനീളം നടത്തിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ മുന്നോക്ക സാമ്പത്തിക സംവരണത്തിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ചു. ഇപ്പോഴും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
രാജ്യത്തെ പിന്നോക്ക ജനതയെ കുറിച്ച് പഠിക്കുന്നതിനും, പിന്നോക്ക വിഭാഗങ്ങളെ വിവിധ സ്ത്രേണികളിലായി ഉൾപ്പെടുത്തുന്നതിനും വേണ്ടി പഠനം നടത്തുന്നതിന് നിയോഗിച്ച രോഹിണി കമ്മീഷൻ കേരളത്തിൽ വരികയോ, കേരളത്തിലെ പിന്നോക്ക ജനതയുടെ അവസ്ഥ പഠിക്കുന്നതിനോ, മുതിരാതിരുന്നപ്പോൾ കേരളത്തിലെ പിന്നോക്ക സമുദായ സംഘടന നേതാക്കന്മാരെ ഒപ്പം ചേർത്തുകൊണ്ട് ഡൽഹിയിലേക്ക് പോകുകയും പാർലമെന്റിലേക്ക് മാർച്ചും, പാർലമെന്റിനു മുന്നിൽ ധർണ്ണയും സംഘടിപ്പിച്ചു. അഖിലേന്ത്യാതലത്തിൽ ഓൾ ഇന്ത്യ തൈലിക്ക് സാഹു മഹാസഭയുടെ സെക്രട്ടറിമാരിൽ ഒരാളായി ഇപ്പോഴും പ്രവർത്തിച്ചുവരുന്നു.
വളരെ പാവപ്പെട്ട, പരമ്പരാഗതമായി എണ്ണയാട്ട് കുലത്തൊഴിൽ നടത്തുന്ന ഒരു കുടുംബത്തിൽ ജനിച്ച് കഠിനാധ്വാനത്തിലൂടെ ഈ നിലയിൽ എത്തി. ഭാര്യ എസ് അനന്തലക്ഷ്മി ഐഎസ്ആർഒ സൈന്റിസ്റ്റ് ആണ്. ഒരു രൂപ പോലും സംഘടനയിൽ നിന്നും ശമ്പളം വാങ്ങുന്നില്ല. കേരളം മുഴുവൻ യാത്ര ചെയ്ത് സംഘടനാ പ്രവർത്തനം സജീവമായി ഇപ്പോഴും നടത്തുന്നു.
കേരളത്തിലെ പിന്നോക്ക ജനതയുടെ നവോത്ഥാന നായകനായി, മുന്നിൽനിന്നു നയിക്കുന്ന എസ് കുട്ടപ്പൻ ചെട്ടിയാർക്ക് അദ്ദേഹത്തിന്റെ ഈ സപ്തതി ആഘോഷ നിറവിൽ എല്ലാ ഭാവുകങ്ങളും ആയുരാരോഗ്യങ്ങളും നേരുന്നു.
അഡ്വ. പയ്യന്നുർ ഷാജി
ജനറൽ സെക്രട്ടറി,
എം ബി സി എഫ്