*
എറണാകുളം :ഭരണഘടനയെ സസ്പെൻഡ് ചെയ്തവർ ഇപ്പോൾ ഭരണഘടന പോക്കറ്റിലിട്ട് നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനയെ കോൺഗ്രസ് കശാപ്പ് ചെയ്തത് രാജ്യം ഒരിക്കലും മറക്കില്ലെന്നും എറണാകുളത്ത് നടന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കാശ്മീരിന് പ്രത്യേക അധികാരം കൊടുക്കുന്ന ആർട്ടിക്കിൾ 370 ആവശ്യമില്ലെന്ന് പറഞ്ഞയാളാണ് ഭരണഘടനാ ശിൽപ്പി ഡോ.അംബേദ്കർ. എന്നാൽ അതിന് ഒരു വിലയും പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു നൽകിയില്ല. ഭരണഘടനയുടെ കടയ്ക്കൽ കത്തി വെക്കുന്ന നിലപാടാണ് എല്ലാ കാലത്തും കോൺഗ്രസ് എടുത്തത്. ഭരണഘടനയെ മാത്രമല്ല ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് സമകാലീന സംഭവങ്ങൾ തെളിയിക്കുന്നു. മഹാരാഷ്ട്രയിൽ തോറ്റ് തുന്നം പാടിയപ്പോൾ കെ.സി വേണുഗോപാൽ പറയുന്നത് വോട്ടിംഗ് മെഷീൻ തിരിമറിയെന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിക്കുക, ഇവിഎമ്മിനെ കുറ്റപ്പെടുത്തുക, സുപ്രീംകോടതിയെ ദുരുപയോഗം ചെയ്യുക എന്നതൊക്കെയാണ് കോൺഗ്രസിൻ്റെ രീതി. സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ള അർബൻ നക്സലുകളും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. രാജ്യം ഭരണഘടനാദിനമായി ആചരിക്കുന്ന വേളയിൽ ഇത്തരം ശക്തികൾക്കെതിരെ ജാഗരൂകരായി ഇരിക്കേണ്ടത് അനിവാര്യമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു