സർക്കാർ വാക്ക് പാഴായി ;ഇനി ജീവൻമരണ പോരാട്ടം :ഡോ. സൂസപാക്യം1 min read

10/8/22

തിരുവനന്തപുരം :സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ എല്ലാം പാഴ്‌വാക്കായ സാഹചര്യത്തിൽ സമരമല്ലാതെ മാർഗമില്ലെന്ന് സൂസപാക്യം.. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള സമരമാണ് ഇത്. ജീവന്മരണ പോരാട്ടമാണ് ഈ സമരമെന്നും മത്സ്യത്തൊഴിലാളികളുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കായി. ഞങ്ങളുടെ ആവശ്യങ്ങളും പഠനങ്ങളും മാനിക്കാതെയാണ് പോര്‍ട്ടിന് അനുമതി നല്‍കിയത്. അദാനി തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണം. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണം. കടല്‍ഭിത്തി നിര്‍മ്മാണത്തിന്റെ കാര്യം പറയുമ്പോൾ   പാറ കിട്ടാനില്ലെന്നാണ് മറുപടി. പ്രശ്‌നപരിഹാരത്തിന് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണം, അടിയന്തര ഇടപെടല്‍ വേണം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് വരെ സമരം തുടരും’, ഡോ സൂസപാക്യം പറഞ്ഞു.

തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടേറിയേറ്റിലേക്ക് മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച്‌ നടത്തുന്നത്. വള്ളങ്ങളും ബോട്ടുകളുമായാണ് പ്രതിഷേധം. ലത്തീന്‍ രൂപതയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. വിവിധ ഇടങ്ങളില്‍ ബോട്ടുകള്‍ കൊണ്ടുവരുന്നത് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിരുന്നു. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും തടഞ്ഞാല്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുമെന്നും സമര നേതാക്കള്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മ്മാണം മൂലമാണ് തീരദേശ മേഖല കടല്‍ വിഴുങ്ങുന്നതെന്ന് മത്സത്തൊഴിലാളികള്‍ ആരോപിച്ചു. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കുന്നത് വരെ സമരം നടത്തുമെന്നും ഇവര്‍ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ മത്സ്യത്തൊഴിലാളികള്‍ സമരം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *