ലൈഫ് മിഷൻ :വേണുഗോപാലിനെ ചോദ്യം ചെയ്യും1 min read

16/2/23

കൊച്ചി :ലൈഫ് മിഷൻ കേസിൽ വേണുഗോപാലിനെ ഇ ഡി ചോദ്യം ചെയ്യും.

ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം . സ്വപ്നയ്ക്കായി ലോക്കര്‍ തുടങ്ങിയത് വേണുഗോപാലിന്റെ സഹായത്തോടെയാണ്. ശിവശങ്കറാണ് ഇതിന് നിര്‍ദ്ദേശം നല്‍കിയതെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.

ശിവശങ്കറിന്‍റെ നിസഹകരണത്തെ മറികടക്കാനാണ് വേണുഗോപാലിനോട് കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ചോദ്യംചെയ്യല്‍ ഇന്നും തുടരും. ഇന്നലെ അഞ്ചു ദിവസത്തേക്കാണ് ശിവശങ്കറിനെ എറണാകുളം സി.ബി.ഐ കോടതി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നത്. ലൈഫ് മിഷന്‍ കരാര്‍ യൂണിറ്റാക്ക് കമ്ബനിക്ക് ലഭിക്കുന്നതില്‍ മുഖ്യ ആസൂത്രകനായിരുന്നു ശിവശങ്കര്‍ എന്നാണ് ഇ.ഡിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ചോദ്യംചെയ്യലില്‍ ഇതുവരെയും ശിവശങ്കര്‍ കുറ്റസമ്മതം നടത്തിയിട്ടില്ല. ശിവശങ്കറിനെതിരായ കണ്ടെത്തലുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഇ.ഡി. കേസില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടോയെന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്.

മൂന്ന് ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 10.30ഓടെ ശിവശങ്കറിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യപരിശോധന നടത്തി. വൈദ്യപരിശോധന ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു.

ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ച സാഹചര്യത്തില്‍ ചോദ്യംചെയ്യലിന് ചില മാനദണ്ഡങ്ങള്‍ കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. രണ്ടു മണിക്കൂര്‍ ചോദ്യംചെയ്യലിന് ശേഷം ഇടവേള അനുവദിക്കണം, ഇടവേളയില്‍ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാല്‍ വൈദ്യസഹായം നല്‍കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. അന്വേഷണത്തോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കാതെ പലപ്പോഴും ഉപവാസം ആണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. 10 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കിയതെങ്കിലും ഈ മാസം 20 വരെയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.

ലോക്കറില്‍ ഒരു കോടി രൂപ കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയാണ് എം ശിവശങ്കറിന്റെ അറസ്റ്റില്‍ നിര്‍ണായകമായത്. ശിവശങ്കറിനു ലഭിച്ച കോഴപ്പണമാണ് ഇതെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യംചെയ്യല്‍.

കേസില്‍ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 59 ലക്ഷം രൂപയുടെ കോഴപ്പണമാണ് സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് നല്‍കിയത്. സന്ദീപിന് പണം നല്‍കിയത് ബാങ്ക് അക്കൗണ്ടിലൂടെയാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ഇ.ഡി പറയുന്നു. തിരുവനന്തപുരം സ്വദേശിയായ യദുകൃഷ്ണനെയും പ്രതിചേര്‍ത്തിയിട്ടുണ്ട്. യൂണിറ്റാക്ക് കമ്പനിയെ സരിത്തുമായി പരിചയപ്പെടുത്തിയത് യദുകൃഷ്ണനാണ്. യദുകൃഷ്ണന് മൂന്ന് ലക്ഷത്തിന്റെ കോഴ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *