ലൈഫ്ഗുണഭോക്താക്കൾക്ക് ആശ്വാസം;ലൈഫ് വീടുകൾക്ക് യു എ നമ്പർ ലഭിച്ചാൽ അവസാന ഗഡു അനുവദിക്കും1 min read

തിരുവനന്തപുരം :ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകൾക്ക് യു എ നമ്പർ ലഭിച്ചാൽ അവസാന ഗഡു അനുവദിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇത് സംബന്ധിച്ച പൊതു നിർദ്ദേശം നൽകും. തിരുവനന്തപുരം തദ്ദേശ അദാലത്തിലാണ് തീരുമാനം. നിരവധി പേർക്ക് ഗുണകരമാവുന്ന തീരുമാനമാണ് ഇത്. നിലവിൽ വീട്ടുനമ്പർ ലഭിച്ചാൽ മാത്രമായിരുന്നു അവസാന ഗഡു അനുവദിക്കുന്നത്. പെർമിറ്റ് പ്രകാരമല്ലാതെ വീട് നിർമ്മിക്കുകയും നിയമലംഘനങ്ങൾ ഉണ്ടാവുകയും ചെയ്താൽ വീടിന് നമ്പർ ലഭിക്കില്ല. ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്ത അനധികൃതമെങ്കിലും ചെറിയ വീടുകൾക്ക് പ്രത്യേക പരിഗണന നൽകി, താത്കാലിക നമ്പർ( യുഎ) നമ്പർ നൽകുന്നതിന് നിലവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇത്തരം വീടുകളുള്ള ലൈഫ് ഗുണഭോക്താക്കൾക്ക് അവസാനഗഡു അനുവദിക്കാം.

മംഗലപുരം പഞ്ചായത്തിലെ സ്റ്റാൻലി, ജെസി സ്റ്റാൻലി എന്നിവർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി. ഒന്നര മീറ്റർ ആവശ്യമുള്ള സെറ്റ്ബാക്ക് 80 സെന്റിമീറ്റർ മാത്രമേയുള്ളൂ. ഇതിനാൽ നമ്പറും ലൈഫിന്റെ അവസാന ഗഡുവും ലഭിച്ചിരുന്നില്ല. വീടിന് യു എ നമ്പർ അനുവദിക്കാനും അത് പരിഗണിച്ച് ലൈഫിന്റെ അവസാന ഗഡു അനുവദിക്കാനുമാണ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന തദ്ദേശ അദാലത്തിൽ തീർപ്പായത്. യു എ നമ്പർ ലഭിച്ചാൽ ലൈഫിന്റെ അവസാന ഗഡു അനുവദിക്കാമെന്ന പൊതുതീരുമാനം കൈക്കൊള്ളാനും അദാലത്തിൽ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *