ഡൽഹി :ലോക്സഭയില്‍ ഭീകരന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ പാസിനായി തന്നെ മൂന്ന് മാസമായി സമീപിക്കുന്നെന്ന് മൈസൂര്‍ ബിജെപി എംപി പ്രതാപ് സിംഹ.
അറസ്റ്റിലായ പ്രതികളില്‍ സാഗര്‍ ശര്‍മ്മയുടെ പിതാവ് തന്റെ ലോക്സഭ മണ്ഡലത്തിലാണെന്നും പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിക്കുന്നതിനായി മാസങ്ങളോളമായി തന്നെ സമീപിക്കുന്നെന്നും അദ്ദേഹം സ്പീക്കര്‍ക്ക് നല്കിയ വിശദീകരണത്തില്‍ പറയുന്നു. സാഗര്‍ ശര്‍മ്മയ്ക്ക് പാര്‍ലമെന്റ് സന്ദര്‍ശിക്കാൻ വേണ്ടി തന്റെ പേഴ്സണല്‍ അസിസ്റ്റന്റുമായും ഓഫീസുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായും ബിജെപി എംപി പറഞ്ഞു.
താൻ ഇപ്പോള്‍ പങ്കുവച്ച കാര്യങ്ങള്‍ അല്ലാതെ തനിക്ക് അവരെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും അറിയില്ലെന്നും ബിജെപി എംപി വ്യക്തമാക്കി. മനോരഞ്ജനൊപ്പം സന്ദര്‍ശക ഗാലറിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ചാടിയ വ്യക്തിയാണ് സാഗര്‍ ശര്‍മ്മ. ഇരുവരുടെയും കൈവശം സ്മോക്ക് ബോംബുകളുണ്ടായിരുന്നു. ഇത് വിഷവാതകമാണെന്ന് കരുതി എംപിമാരും ആശങ്കപ്പെട്ടിരുന്നു. രണ്ട് പ്രതിഷേധക്കാര്‍ മഞ്ഞ പുക പുറന്തള്ളുന്ന ക്യാനുകളുമായി പാര്‍ലമെന്റ് വളപ്പിന് പുറത്ത് പ്രതിഷേധിച്ച അതേ സമയത്താണ് ലോക്സഭാ ചേംബറിനുള്ളിലെ സംഭവം നടക്കുന്നത്.
2001ലെ ഭീകരാക്രമണത്തിന്റെ ഓര്‍മ്മദിനത്തിലുണ്ടായപരാക്രമത്തില്‍ സഭയും രാജ്യവും നടുങ്ങിയിരുന്നു. എംപിമാരാണ് പ്രതികളെ കീഴടക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ലഖ്നൗ സ്വദേശി സാഗര്‍ ശര്‍മ്മ, മൈസൂര്‍ സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാര്‍ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോല്‍ ഷിൻഡെ എന്നിവരാണ് സംഭവ സ്ഥലത്ത് അറസ്റ്റിലായത്. സഹായിയായ ലളിത് ഝാ പിന്നീട് പിടികൂടി. കൂട്ടാളിയായ വിക്കി ശര്‍മ്മയെ തെരയുകയാണ്. ലളിത് ഝായുടെ വീട്ടില്‍ തങ്ങിയാണ് ഗൂഢാലോചന നടത്തിയത്.
റെഡ്ക്രോസ് റോഡില്‍ പാര്‍ലമെന്റ് റിസ്പ്ഷനു സമീപമാണ് അമോല്‍ ഷിൻഡെയും പുക സ്പ്രേ കാൻ പ്രയോഗിച്ച് മുദ്രാവാക്യം മുഴക്കിയത്. ഉടൻ പൊലീസ് പിടികൂടി. ‘കരിനിയമങ്ങള്‍ കാരണം തൊഴിലില്ലാതായെന്നും ഒരു സംഘടനയുടെയും ആളുകളല്ലെന്നും സ്വേച്ഛാധിപത്യം പൊറുപ്പിക്കില്ലെന്നും’ അവര്‍ വിളിച്ചു പറഞ്ഞു. ഭഗത് സിംഗ് ക്ളബ് എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ് വെളിപ്പെടുത്തി.