തിരുവനന്തപുരം :ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തി. ഇരു മണ്ഡലങ്ങളിലെയും പൊതു നിരീക്ഷകര്‍, ചെലവ് നിരീക്ഷകര്‍, പൊലീസ് നിരീക്ഷകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ ഭരണകൂടം നടത്തിയ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോര്‍ജ്ജ് വിശദീകരിച്ചു. തിരുവനന്തപുരം മണ്ഡലം പൊതു നിരീക്ഷകന്‍ ആഷീഷ് ജോഷി, ആറ്റിങ്ങല്‍ മണ്ഡലം പൊതു നിരീക്ഷകന്‍ രാജീവ് രഞ്ജന്‍, തിരുവനന്തപുരം മണ്ഡലം ചെലവ് നിരീക്ഷകന്‍ മാനവ് ബന്‍സാല്‍, ആറ്റിങ്ങല്‍ മണ്ഡലം ചെലവ് നിരീക്ഷകന്‍ രവികാന്ത്കുമാര്‍ ചൗധരി, രണ്ട് മണ്ഡലങ്ങള്‍ക്കുമായുള്ള പൊലീസ് നിരീക്ഷകന്‍ രാജീവ് സ്വരൂപ് എന്നിവരാണ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ തിരുവനന്തപുരം സിറ്റി ഡിസിപി നിധിന്‍രാജും റൂറല്‍ ഡിസിപി കിരണ്‍ നാരായണനും വിശദീകരിച്ചു. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി നാഗരാജു ചകിലം, ആറ്റിങ്ങള്‍ മണ്ഡലം വരണാധികാരിയും എഡിഎമ്മുമായ പ്രേംജി സി, വിവിധ ഉപവരണാധികാരികള്‍ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.