1/5/23
തിരുവനന്തപുരം :ആലത്തുർ മുൻ എം എൽ എ എം. ചന്ദ്രൻ തൊഴിലാളി വർഗ്ഗ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ പരിശ്രമിച്ച നേതാവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രിയുടെ FB പോസ്റ്റ്
‘സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആലത്തൂർ എംഎൽഎയുമായിരുന്ന എം ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.
പാലക്കാട് ജില്ലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബഹുജന നേതാവായിരുന്നു എം ചന്ദ്രൻ. ദീർഘകാലം സി.പി.ഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചു. തൊഴിലാളിവർഗ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വിവിധ മേഖലകളിലുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് അണിനിരത്തുന്നതിൽ ചന്ദ്രൻ നേതൃപാടവം പ്രകടമാക്കി.
ശ്രദ്ധേയനായ നിയമസഭാംഗമായിരുന്നു ചന്ദ്രൻ. അദ്ദേഹത്തിന്റെ സഭയിലെ സജീവമായ ഇടപെടലുകൾ ജനകീയ ആവശ്യങ്ങൾ സഭാതലത്തിൽ പ്രതിധ്വനിപ്പിക്കുന്നതിനും നിയമനിർമ്മാണ പ്രക്രിയയെ കൂടുതൽ സജീവമാക്കുന്നതിനും സഹായിച്ചു.
പാലക്കാട് ജില്ലയിൽ പാർട്ടിക്കെതിരെയുള്ള കടന്നാക്രമണ ഘട്ടത്തിൽ അതിനെതിരെ ശക്തമായ നേതൃത്വം നൽകി നയിച്ച നേതാവായിരുന്നു ചന്ദ്രൻ.
എം. ചന്ദ്രന്റെ വിയോഗം തൊഴിലാളിവർഗ പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.’