22/5/
തിരുവനന്തപുരം :എംജി വിസി ക്ക് പുനർ നിയമനം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
ഈ മാസം 27 ന് കാലാവധി അവസാനിക്കുന്ന എംജി സർവകലാശാല വിസി ഡോ:സാബു തോമസിന് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് കത്ത് നൽകി. സാബു തോമസിന്റെ കാലാവധി അവസാനിക്കുമ്പോൾ പകരക്കാരനായി ആരെ നിയമിക്കണമെന്ന് ഗവർണർ സർക്കാരിനോട് കഴിഞ്ഞ ആഴ്ച ആരാഞ്ഞിരുന്നു. അതിന് മറുപടിയായാണ് സർക്കാർ ഇപ്പോൾ കത്തയച്ചി രിക്കുന്നത്.
എംജി സർവകലാശാല വിസി യുടെ പ്രായപരിധി 65 ആയി നിശ്ചയിച്ചിട്ടുള്ളത് കൊണ്ട് അദ്ദേഹത്തിന് പുനർ നിയമന നൽകാവുന്നതാണ് എന്നാണ് സർക്കാരിൻറെ നിലപാട്. കണ്ണൂർ സർവ്വകലാശാല വിസി ഡോ: ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലി രിക്കുമ്പോഴാണ് വീണ്ടും പുനർ നിയമനം.
സാങ്കേതികസർവകലാശാല വിസി
ഡോ: രാജശ്രീയെ സുപ്രീംകോടതി വിധിയെ തുടർന്ന് പിരിച്ചുവിട്ടതിന് സമാനമായി സാബു തോമസിനേയും പിരിച്ചു വിടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് ഗവർണർ നൽകിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന് പുനർനിയമന നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഡോ: സാബു തോമസിന്റെ നിലവിലെ
വിസിനിയമനം യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ കാരണം കാണിക്കാൻ നോട്ടീസ് നൽകിയിട്ടുള്ളതെങ്കിലും ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് അദ്ദേഹം തുടരുകയാണ്.ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി സാബു തോമസിനെതിരെയുള്ള ക്വാവാറണ്ടോ ഹർജ്ജിയും കോടതിയുടെ പരിഗണയിലാണ്. സെർച്ച് കമ്മിറ്റി കൂടാതെ സാബു തോമസിന് പുനർ നിയമനം നൽകിയാൽ അത് വീണ്ടും നിയമക്കുരുക്കാവും.
താൽക്കാലിക വിസി നിയമനങ്ങളിൽ സർക്കാർ താൽപ്പര്യം നടക്കട്ടെ എന്ന അയഞ്ഞ നിലപാടിലാണ് ഗവർണർ. സ്ഥിരം വിസി നിയമനം ചട്ടപ്രകാരം നടത്താനാണ് ഗവർണർ ഉദ്ദേശിക്കുന്നത്. എന്നാൽ ഗവർണറുടെ കാലാവധി അവസാനിക്കുന്നതുവരെ ഇൻചാർജ് വിസി മാരെ വച്ച് ഭരണം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത് . അതുകൊണ്ടാണ് സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ യൂണിവേഴ്സിറ്റികൾ തങ്ങളുടെ പ്രതിനിധിയെ നൽകാൻ വിമുഖത കാട്ടുന്നത്.