ഭാഷയോട് ഭ്രാന്തല്ല സ്നേഹമാണ് വേണ്ടത് : പ്രൊഫ.അലിയാർ, ഭരണഭാഷാ വാരാചരണ പരിപാടികൾ സമാപിച്ചു1 min read

 

തിരുവനന്തപുരം :നമ്മുടെ ഭാഷ സർവത്രികമാകണമെന്നും ഭാഷയോടുള്ള സ്നേഹം കാത്തുസൂക്ഷിക്കണമെന്നും പ്രമുഖ ഭാഷാദ്ധ്യാപകനും നടനുമായ പ്രൊഫ. അലിയാർ അഭിപ്രായപ്പെട്ടു. മാതൃഭാഷയെ അറിയുന്നതിനും നമ്മുടെ സംസ്‌ക്കാരത്തിന്റെ മൂല്യങ്ങൾ മനസിലാക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഭാഷാ വാരാചാരണ പരിപാടികളുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല ഗുരുക്കന്മാർ ഇല്ലാത്തതാണ് ഈ തലമുറയുടെ ശാപം. പുതിയ മാധ്യമങ്ങൾ ഭാഷയെ അങ്ങേയറ്റം വികലമാക്കുന്നു. ഭാഷയെ മനസിലാക്കുന്നതിന് ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടർ അനുകുമാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാഷാവിദഗ്‌ധനും സാഹിത്യകാരനുമായ എഴുമറ്റൂർ രാജരാജവർമ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മലയാളം ഉപയോഗിക്കാത്തവരായി മലയാളികൾ മാറിയെന്നു അദ്ദേഹം ഓർമപ്പെടുത്തി. വികാരത്തിലും ചിന്തയിലും മാതൃഭാഷ നിറയണം. ഭരണഭാഷ മലയാളം ആക്കുന്നതിൽ പൂർണ ലക്ഷ്യം നമ്മൾ കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സംസ്ഥാന- ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരങ്ങളും സമ്മാനിച്ചു. എ ഡി എം വിനീത് ടി. കെ, ജില്ലാ ഇൻ ഫർമേഷൻ ഓഫിസർ ബിൻസി ലാൽ സബ് കളക്ടർ ആൽഫ്രെഡ് ഒ വി എന്നിവരും സംസാരിച്ചു. നവംബർ ഒന്ന് മുതൽ 7 വരെയാണ് ഭാഷാവാരാചരണ പരിപാടികൾ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *