തിരുവനന്തപുരം :മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ-മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഐ.ബി സതീഷ് എം.എൽ.എ അധ്യക്ഷനായിരുന്നു.
ജനങ്ങളുടെ പിന്തുണയും സഹകരണവുമാണ് മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായൊരു കെട്ടിടം സാധ്യമാക്കിയതെന്നു മന്ത്രി പറഞ്ഞു. വികസന പദ്ധതികളിൽ ജനകീയ പങ്കാളിത്തം അനിവാര്യമാണ്. നവകേരള സൃഷ്ടിയിൽ സാധാരണകാരായ ജനങ്ങൾക്കാണ് മുൻതൂക്കമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് വ്യത്യസ്ത സേവനങ്ങൾ നൽകുന്ന രജിസ്‌ട്രേഷൻ വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്നും സേവനങ്ങൾ ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ വകുപ്പിന് നടത്താനായെന്നും മന്ത്രി പറഞ്ഞു.
സബ് രജിസ്ട്രാർ ഓഫീസിനു കെട്ടിടം പണിയാൻ സ്ഥലം നൽകിയ മലയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ നടപടി മാതൃകാപരമാണെന്നും മണ്ഡലത്തിന്റെ വികസന കാര്യത്തിൽ ഐ ബി സതീഷ് എം. എൽ. എ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുതിയ സബ് രജിസ്ട്രാർ ഓഫീസിലെ ആദ്യ സേവനമായി ആധാരത്തിന്റെ പകർപ്പ് ഗുണഭോക്താവിന് മന്ത്രി നൽകി.
ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തുചേർന്നാൽ അത്ഭുതകരമായ വികസനങ്ങൾ നാട്ടിൽ സാധ്യമാകുമെന്ന് ഐ. ബി സതീഷ് എം. എൽ. എ പറഞ്ഞു.
ഏറെ കാലം വാടകകെട്ടിടത്തിലും തുടർന്ന് 1992 മുതൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ സെല്ലാർ ഭാഗത്തുമായി പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിന് ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയ ഏഴ് സെന്റ് സ്ഥലത്താണ് പുതിയ മന്ദിരം പണിതത്. കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി 30 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ നിർമാണത്തിനായി അനുവദിച്ചത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു നിർമാണ ചുമതല.
4,619 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ട് നിലകളാണ് സബ് രജിസ്ട്രാർ ഓഫീസിനുള്ളത്. ഒന്നാം നിലയിൽ വരാന്ത, സബ് രജിസ്ട്രാറുടെയും ജീവനക്കാരുടെയും മുറികൾ, കാത്തിരിപ്പ് മുറി, സ്റ്റാഫ് റെസ്റ്റ് റൂം , അംഗപരിമിതർക്കുള്ള ശുചിമുറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
രണ്ടാം നിലയിൽ വിശാലമായ റെക്കോർഡ് റൂം, സ്റ്റോർ റൂം എന്നിവയാണുള്ളത്. ടെറസ് ഏരിയ ഷീറ്റ് റൂഫ് ചെയ്തിട്ടുണ്ട്.
സബ് രജിസ്ട്രാർ ഉൾപ്പെടെ പത്ത് ജീവനക്കാരാണുള്ളത്. മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ എന്നിങ്ങനെ മൂന്ന് വില്ലേജുകളാണ് മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിലുൾപ്പെടുന്നത്.
മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സല കുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻ നായർ, രജിസ്‌ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ്, ദക്ഷിണമേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കെ.എൻ സുമംഗലാദേവി, ജോയിന്റ് ഇൻസ്‌പെക്ടർ ജനറൽ പി.കെ സാജൻ കുമാർ, ജില്ലാ രജിസ്ട്രാർ പി.പി നൈനാൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് എം.ഡി സുജാറാണി റ്റി.എസ് , മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാർ എന്നിവരും പങ്കെടുത്തു.