തിരുവനന്തപുരം :സാക്ഷരതാ മിഷന്റെ ഇ- മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ ഗ്രാമ പഞ്ചായത്തായി മലയന്‍കീഴ്. 650 പേരാണ് ഈ പദ്ധതിയിലൂടെ ഡിജിറ്റല്‍ സാക്ഷരത നേടിയത്. കെ നീലകണ്ഠന്‍ പിള്ളയാണ് (76) ഏറ്റവും പ്രായം കൂടിയ പഠിതാവ്. സ്മാര്‍ട്ട് ഫോണ്‍ സ്മാര്‍ട്ടായി ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന പദ്ധതിയാണ് ഡിജിറ്റല്‍ ലിറ്ററസി. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ സാധ്യതകള്‍, ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ പണമിടപാടുകള്‍, സോഷ്യല്‍ മീഡിയ, ഇ മെയിലും സര്‍ക്കാര്‍ സേവനങ്ങളും എന്നിങ്ങനെ അഞ്ച് പാഠഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ഓരോ ഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം ആകെ പത്ത് മണിക്കൂറാണ് പഠനകാലയളവ് നിശ്ചയിച്ചത്. ഇ- മുറ്റം ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാമിലെ പഠിതാക്കളുടെ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ.ജി ബിന്ദു അദ്ധ്യക്ഷയായി.
സാക്ഷരതാ മിഷന്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ദീപാ ജെയിംസ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. നല്ല നിലയില്‍ പദ്ധതി പൂര്‍ത്തീകരിച്ച ഗ്രാമ പഞ്ചായത്തിനുള്ള ഉപഹാരവും നല്‍കി. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ വി രതീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രായം കൂടിയ പഠിതാവ് കെ നീലകണ്ഠന്‍ പിള്ളയെ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു.