തിരുവനന്തപുരം :നെഹ്‌റു യുവകേന്ദ്രയും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൻ കീ ബാത് ക്വിസ് മത്സരത്തിന്‍റെ മൂന്നാം സീസണിന് തുടക്കമായി. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
അറിവുള്ള സമൂഹമാണ് ഒരു രാജ്യത്തിന് ആവശ്യമെന്നും അത്തരത്തിലുള്ള സമൂഹത്തെ വാർത്തെടുക്കാൻ മൻ കീ ബാത്തിലൂടെ സാധിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ആദരിക്കപ്പെടേണ്ട വ്യക്തികളേയും സംഘത്തേയും മൻ കീ ബാത്ത് മുൻനിരയിലേക്ക് ഉയർത്തി. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണം ലോകത്തിന് തന്നെ മാതൃകയായി. അതൊരു രാഷ്ട്രീയ പരിപാടിയെന്ന് എതിരാളികൾപോലും പറയില്ലെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
ഞാനിൽ നിന്ന് നമ്മളിലേക്കുള്ള ആത്മീയ യാത്രയാണ് മൻ കി ബാത്തെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കൂട്ടായ്മയുടെ സന്ദേശമാണ് മൻ കീ ബാത്ത് പകരുന്നത്. സമൂഹത്തിൽ സേവനസന്നദ്ധതയോടെ ഇടപെടുന്ന അനവധിപേരെ മൻ കീ ബാത്തിലൂടെ രാജ്യം തിരിച്ചറിഞ്ഞുവെന്നും വി.മുരളീധരൻ പറഞ്ഞു. സാങ്കേതിക വിദ്യ മനുഷ്യന് വേണ്ടിയാവണം, മനുഷ്യന്‍ സാങ്കേതികവിദ്യയ്ക്കു വേണ്ടിയാവരുതെന്നും വി.മുരളീധരൻ അഭിപ്രായപ്പെട്ടു. സ്വതന്ത്ര ചിന്ത നഷ്ടപ്പെട്ട നമുക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍ട്ടിഷ്യൽ ഇന്‍റലിജന്‍സ് പോലെ പുതിയ സാങ്കേതിക വിദ്യകള്‍ക്കാവും. കുട്ടികള്‍ക്ക് സ്വന്തം ബുദ്ധിയും വിവേകവും ഉപയോഗിച്ച് ജീവിക്കാന്‍ കഴിയണമെന്നും മുൻ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. വായനാദിനാചരണവും ഇതോടൊപ്പം സംഘടിപ്പിച്ചു. മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.