തിരുവനന്തപുരം :നാടിന്‍റെ വികസനത്തിൽ ജനങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുന്ന പ്രവർത്തനമായി പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്ത് മാറിയെന്ന് വി.മുരളീധരൻ. സമൂഹത്തെ പരിവര്‍ത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ മൻ കീ ബാത്തിലൂടെ ഉണ്ടാകുന്നുവെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. നെഹ്റു യുവകേന്ദ്രയും ഗ്ലോബൽ ഗിവേഴ്സ് ഫൌണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന
മൻ കി ബാത്ത് ക്വിസ് മൂന്നാംസീസൺ ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിൽ ഏറ്റവും വിപുലമായ റേഡിയോ പരിപാടിയായി മൻ കീ ബാത്ത് മാറി. സാധാരണ ജനങ്ങള്‍ക്ക് വേണ്ടത് എന്തെന്ന് അവരില്‍ നിന്നു തന്നെ മനസിലാക്കിയ ശേഷമാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്.
പോളിയോ ബാധിച്ച് രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പന്‍ എന്ന മലയാളി, വേമ്പനാട് കായലിലെ പ്ലാസ്ററിക് മാലിന്യങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് നമ്മൾ അറിഞ്ഞത് പ്രധാനമന്ത്രി പറഞ്ഞതിലൂടെയാണ്. വേമ്പനാട് കായല്‍ മുതല്‍ ആമയിഴഞ്ചാന്‍ തോട് വരെയുള്ള ജലസ്രോതസുകള്‍ വൃത്തിയാക്കണമെന്നും മാലിന്യം വലിച്ചെറിയരുത് എന്നുമുള്ള ഓര്‍മപ്പെടുത്തലായിരുന്നു അത്.
വലിയൊരു സാമൂഹ്യ ദൗത്യത്തിന് കൂടിയാണ് മന്‍ കി ബാത് വഴിയൊരുക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. 212 ഇന്ത്യന്‍ ഭാഷകളിലും 11 വിദേശഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെടുന്ന ഈ പരിപാടിക്ക് ലഭിക്കുന്ന സ്വീകാര്യത സമാനതകളില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.