7/8/23
ഡൽഹി :മണിപ്പുര്‍ പ്രശ്നപരിഹാരത്തിനായി കര്‍ശന ഇടപെടലുമായി സുപ്രീംകോടതി.
നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഗീത മിത്തല്‍, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്ന പാനലാണ് രൂപീകരിച്ചത്.സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അന്വേഷിക്കാൻ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 5 എസ്പിമാരോ ഡിവൈഎസ്പിമാരോ അടങ്ങുന്ന സംഘത്തെ നിയോഗിക്കും.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ദത്താത്രെയ് പഡ്സാല്‍ഗികര്‍ക്കായിരിക്കും ചുമതല.20 പേരടങ്ങുന്ന സംഘമാണ് മണിപ്പുരില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് അഭിഭാഷകനായ കോളിൻ ഗോണ്‍സാല്‍വസ് കോടതിയെ അറിയിച്ചു. ഇവര്‍ തമ്മില്‍ പരസ്പരം നല്ല ബന്ധം പുലര്‍ത്തുകയും ഗൂഢാലോചന നടത്തുകയും നടപ്പാക്കുകയുമാണ്. തങ്ങളെ തൊടാൻ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. ഈ 20 പേരെ പിടികൂടാൻ സാധിച്ചാല്‍ അക്രമം നിയന്ത്രിക്കാനാകുമെന്നും ഗോണ്‍സാല്‍വസ് പറഞ്ഞു.മണിപ്പുരിലെ എൻ.ബിരേൻ സിങ് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്തില്‍ കേസെടുക്കാൻ രണ്ട് മാസം വൈകിയത് എന്താണ് കോടതി ചോദിച്ചു. രണ്ട് മാസം ഭരണഘടന തകര്‍ന്ന നിലയിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.