വീണ്ടും സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമയുമായി മഞ്ജു ഇലന്തൂർ..”ദേവകി”പുതിയ തലമുറയോടുള്ള ഉറച്ച ചോദ്യം1 min read

തിരുവനന്തപുരം :സമൂഹത്തിലെ ശ്രേഷ്ഠതയാണ് കല, കലയുടെ സൗന്ദര്യമാണ് സിനിമ. അഭിനയം കൊണ്ടും, അവതരണം കൊണ്ടും, സംവിധാന മികവ്  കൊണ്ടും, കലാമൂല്യം കൊണ്ടും ലോക സിനിമയിൽ എന്നും തലയോടുപ്പോടെ മലയാള സിനിമ വിരാജിക്കുന്നു.

ലോക സിനിമയോട് ചേർന്ന് നിൽക്കുന്ന മഹാരഥൻമാരായ കലാകാരെ സമ്മാനിച്ച മലയാള സിനിമ തറവാട്ടിലേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു…സംവിധാന മേഖലയിൽ ഉറച്ച കാൽവയ്പ്പോടെ…മഞ്ജു ഇലന്തൂർ. ആദ്യ വരവിൽ തന്നെ നിരവധി പുരസ്‌കാരങ്ങളും, പ്രശംസയും നേടിയ മഞ്ജു തന്റെ രണ്ടാമത്തെ വരവും ഗംഭീരമാക്കി.

എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും ആയ മഞ്ജു ഇലന്തൂരിന്റെ രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ദേവകി.
സാമൂഹ്യ പ്രതിബദ്ധത ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളാണ് മുൻപും മഞ്ജുവിന് ചെയ്തിട്ടുള്ളത്. പഠനകാലം മുതലേ കവിയും സിനിമ പ്രേമിയുമായ മഞ്ജു ഇലന്തൂർ എഴുതിയ ഗാനങ്ങൾക്ക് സംഗീത ലോകത്തെ മഹാ പ്രതിഭ കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതം നൽകിയപ്പോൾ  മലയാളികൾക്ക് മൂളി നടക്കാനൊരു മനോഹര ഗാനം കൂടി പിറന്നു.മലയാളത്തിലെ പ്രശസ്ത ഗായകരായ ജി വേണുഗോപാലും മൃദുല വാര്യരും ദീപാങ്കുരൻ കൈതപ്രവും അടക്കമുള്ളവരുടെ അനുഗ്രഹീത ശബ്ദത്തിലാണ് ഗാനം ആസ്വാദകരുടെ മുന്നിലെത്തുന്നത്.

കാലം ചെയ്ത അഭിവന്ദ്യ മാർക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്കായി മഞ്ജു ഇലന്തൂർ എഴുതിയ ഗാനവും നൂറുകണക്കിന് ആളുകളാണ് കേട്ടത്.ഒരിക്കൽ മലയാളിയുടെ മനം തൊട്ട ഗായിക ചന്ദ്രലേഖയും അനു വി കടമ്മനിട്ടയും മഞ്ജുവിന്റെ വരികളെ നാദമനോഹരമാക്കിയിട്ടുണ്ട്.

കുട്ടികൾ സമൂഹത്തിൽ അനുഭവിക്കുന്ന പീഡനവുമായി ബന്ധപ്പെട്ട എഴുതിയ ഗാനം വീഡിയോ ആൽബം ആയപ്പോൾ ആൽബം പ്രകാശനം ചെയ്തത് കേരളത്തിന്റെ മൺമറഞ്ഞ ആദരണീയനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയിരുന്നു. മഞ്ജു കഥ,തിരകഥ, സംവിധാനം  നിർവഹിച്ച “വിശപ്പിന്റെ വിലാപം” എന്ന ഹ്രസ്വ ചിത്രത്തിന് സമൂഹത്തിലെ പട്ടിണിയുടെ ഗന്ധമുണ്ടായിരുന്നു. ഈ ചിത്രത്തിലെ പ്രമേയത്തിന് മധു എന്ന ആദിവാസി യുവാവിന്റെ മരണവുമായി ബന്ധമുണ്ടെന്ന്സംവിധായകനും നടനുമായ ബേസിൽ ജോസഫ് ജൂറിയായ ടീം കൂട്ടി വായിച്ചപ്പോൾ കായംകുളം എസ് എൻ ഡി പി എൻജിനീയറിങ് കോളേജിലെ സിനിമ ഫെസ്റ്റിവലിൽ മഞ്ജു ഇലന്തൂരിനെ തേടിയെത്തിയത്  മികച്ച വനിതാ സംവിധായികയ്ക്കുള്ള അംഗീകാരം ആയിരുന്നു.

തുടർന്ന് മഞ്ജു ഇലന്തൂർ സംവിധാനവും കഥയും നിർവഹിച്ച ചിത്രമാണ് ഏറ്റവും ദേവകി. സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ചെയ്തിട്ടുള്ള ഈ ചിത്രം മലയാള സിനിമയ്ക്ക് ഒരു മികച്ച സംവിധായകയെ സംഭാവന ചെയ്യുമെന്നാണ് അഭിപ്രായം.

: ദേവകി : ഹ്രസ്വചിത്രം

അമ്മമാരെ തെരുവിൽ ഉപേക്ഷിക്കുന്ന വർത്തമാനകാലത്തോട് ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ദേവകി എന്ന ഹ്രസ്വചിത്രം.
തലമുറകൾ തമ്മിലുള്ള പൊരുത്തക്കേടുകളുടെ പേരിൽ മാറ്റി നിർത്തപ്പെടേണ്ടവരാണോ നമ്മുടെ അമ്മമാർ എന്ന ചോദ്യം ചിത്രം ഉന്നയിക്കുന്നു. ഒപ്പം, ലഹരിക്ക് അടിമപ്പെടുന്ന കൗമാരങ്ങളോട് സമൂഹം പുലർത്തേണ്ട ജാഗ്രതയെപ്പറ്റിയുള്ള ഓർമപ്പെടുത്തൽ കൂടിയുണ്ട് ദേവകിയിൽ.

ചിത്രത്തിന്റെ നിർമ്മാതാവ് വയനാട് എക്സ്പോർട്ട് എം. ഡി ഷാജി പുളിമൂട്ടിൽ, എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും ആയ മഞ്ജു ഇലന്തൂർ കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ പത്തനംതിട്ടയിൽ പ്രസ്സ് ക്ലബ്ബിൽ നിർവഹിച്ചു. ദേവകിയുടെ പോസ്റ്റർ പ്രകാശനം മലയാള സിനിമയുടെ മുതിർന്ന സംവിധായകനും കഥാകൃത്തുമായ കവിയൂർ ശിവകുമാർ പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ നിർവഹിച്ചു. ദേവകിയിലെ കവിതയുടെ മ്യൂസിക് ലോഞ്ചിങ്ങ് ചിത്രത്തിൽ കവിത ആലപിച്ച ജി വേണുഗോപാൽ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എം. ആർ. ഗോപകുമാറിന് നൽകി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ പ്രകാശിപ്പിച്ചു.

പത്തുവർഷമായി വിവിധ ഹ്രസ്വചിത്രങ്ങളും വീഡിയോ ആൽബവും ചെയ്യാൻ ഒരു ക്രൂ ഒത്തൊരുമിച്ചു മുന്നേറുമ്പോൾ ഈ ചിത്രത്തിന്റെ ക്യാമറ, അമ്പിളി ശിവരാമൻ, എഡിറ്റിംഗ് ആനന്ദബോധ്, തിരക്കഥ നിജോ കുറ്റിക്കാട്, മേക്കപ്പ് കണ്ണൻ കലഞ്ഞൂർ, ബാക്ക്ഗ്രൗണ്ട് സ്കോർ നിഖിൽ സാൻ.
ഗാന രചന മഞ്ജു ഇലന്തൂർ, സംഗീതം കൈതപ്രം, ആലാപനം ജി. വേണുഗോപാൽ എന്നിവർ ചെയ്തിരിക്കുന്നു.

എം.ആർ ഗോപകുമാർ, നീനാ കുറുപ്പ്, എന്നിവർ ദേവകിയിൽ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിവിധ സ്കൂളുകളിലും, കോളേജുകളിലും, കുടുംബശ്രീകളിലും മറ്റ് സേവന തൽപരതയുള്ള സംഘടനകളിലുടെ ദേവകി സമൂഹത്തിലേക്ക് എത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനായി അധികാരികളുമായി ചർച്ചചെയ്യുമെന്നും ചിത്രത്തിന്റെ നിർമ്മാതാവ് ഷാജി പുളിമൂട്ടിൽ പറഞ്ഞു.ലാഭത്തിന് വേണ്ടിയല്ല അമ്മയെ ഏറ്റവും അധികം സ്നേഹിക്കുന്ന ഒരു മകനായത് കൊണ്ടും, ചവർ വലിച്ചെറിയുന്ന ലാഘവത്തോടെ മാതാപിതാക്കളെ ഉപേക്ഷിക്കാൻ വെമ്പുന്ന പുതു തലമുറയുടെ കണ്ണ് തുറപ്പിക്കാൻ ഈ ചിത്രം ഉപകരിക്കുമെന്ന പ്രതീക്ഷയിലുമാണ് ചിത്രത്തിനായി പണം മുടക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ പലർക്കും പലതാണ്… ചിലർ കച്ചവടക്കണ്ണുകൊണ്ട് കാണുന്നു.. ചിലർ അതൊരു സപര്യയായികാണുന്നു.പുതു തലമുറ തിരിച്ചറിയേണ്ട വിഷയങ്ങൾ സാമൂഹ്യപ്രതിബദ്ധതയോടെ സാമൂഹത്തിനോട് സംസാരിക്കാനുള്ള ഉപാധിയായാണ് സിനിമയെ മഞ്ജുവും സംഘവും സിനിമയെ കാണുന്നത്. അതുകൊണ്ടുതന്നെ ഇതിൽ വാണിജ്യം ഇല്ല.ആസ്വാദന തലങ്ങളെ മത്തുപിടിപ്പിക്കുന്ന സൂപ്പർ പോരാട്ടങ്ങളോ, ത്രസ്സിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളോ, കണ്ണഞ്ചിപ്പിക്കുന്ന നായകന്റെ ഇൻട്രയോ ഉണ്ടാവുകയില്ല.കാരണം ഇത്‌ ജീവിതമാണ്. മഞ്ജുവിന്റെ അനുഭവ സാഗരങ്ങളിൽ നിന്നും കൈകുമ്പിളിലെടുത്ത ജീവിത യഥാർഥ്യങ്ങളുടെ നേർക്കാഴ്ച്ചയാണ്.സാമൂഹ്യ പ്രസക്തിയുള്ള കലാ മൂല്യങ്ങളെ പരിപോഷിപിക്കുന്ന മലയാളികൾക്ക് മുന്നിൽ ഡിസംബർ രണ്ടാം വാരം ഈ ചിത്രം എത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *