മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ മുൻകേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറിൻ്റെ അനുശോചനം1 min read

 

തിരുവനന്തപുരം :മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മൃദുവായ സംസാരവും എളിമയുള്ള വ്യക്തിത്വവും ആദരണീയമായ ബുദ്ധിശക്തിയുമുള്ള അദ്ദേഹം എക്കാലവും സ്മരിക്കപ്പെടും. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിൻ്റെ കീഴിൽ, ധനമന്ത്രിയായി പ്രവർത്തിച്ചു കൊണ്ട് 90-കളിലെ പല സുപ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അവയിൽ പലതും ഇന്ത്യയുടെ സാദ്ധ്യതകൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുകയും ഇന്ത്യൻ സാമ്പത്തിക മാതൃകയെ പുനർനിർവചിക്കുകയും ചെയ്തു.

1990കൾ എന്നത് ടെലികോം രംഗത്തെ എൻ്റെ സംരംഭക ജീവിതം ആരംഭിച്ച കാലം കൂടിയായിരുന്നു. 26 വയസ്സുള്ള ടെക് സംരംഭകനെന്ന നിലയിൽ അദ്ദേഹത്തെ ആദ്യമായി കണ്ട നാളുകൾ മുതൽ ടെലികോം വ്യവസായത്തിൽ നിന്ന് ഞാൻ പുറത്തു വന്നപ്പോഴും പിൽക്കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ എംപിയായപ്പോഴുമെല്ലാം നേരിട്ട് കണ്ട ഓരോ അവസരത്തിലും അദ്ദേഹം ഏറെ സ്നേഹവും പിന്തുണയും നൽകി; അതിന് എക്കാലവും ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയത്തിൽ ഏറെ മാന്യതയുള്ള വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. മൻമോഹൻ സിംഗ് എന്ന് നിസ്സംശയം പറയാം.

വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. ഓം ശാന്തി.

Leave a Reply

Your email address will not be published. Required fields are marked *