തിരുവനന്തപുരം :മരുതൂർക്കോണം പി റ്റി എം വിഎച്ച്എസ്എസ് വിദ്യാർത്ഥികൾ കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഏഴുമാസങ്ങൾക്ക് മുമ്പ് നട്ട കാച്ചിൽ നൽകിയത് നൂറല്ല ആയിരം മേനി വിളവ്.മണ്ണിൽ പണിയെടുക്കാൻ പുതുതലമുറ വിമുഖത കാട്ടുന്ന കാലത്ത് കൃഷിയെ അടുത്തറിയാനും വിവിധഘട്ടങ്ങൾ മനസ്സിലാക്കാനുള്ള നല്ല പാഠമായിരുന്നു കാച്ചിൽ കൃഷി എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. പൂർണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ച് പരിപാലിച്ച കാച്ചിലിന്റെ വിളവെടുപ്പ് കോട്ടുകാൽ പഞ്ചായത്ത് മരുതൂർക്കോണം വാർഡ് മെമ്പർ അമ്പിളി നിർവഹിച്ചു.കൃഷി ഓഫീസർ സുധാകുമാരി സജികുമാർ ഹെഡ്മിസ്ട്രസ് ഉഷാകുമാരി അധ്യാപകരായ വിനോദ് ശാന്തിപുരം ബിജു കെ എസ് കാർഷിക ക്ലബ് കൺവീനർ ഡോ. സജു എന്നിവർ പങ്കെടുത്തു. കാച്ചിൽ വിളവെടുപ്പും തുടർന്ന് നടന്ന പ്രദർശനവും നാടിനും സ്കൂളിനും കാഴ്ചയുടെ വിരുന്ന് തന്നെ ഒരുക്കി. അധ്യാപകനും കാർഷിക ക്ലബ് കൺവീനറുമായ ഡോക്ടർ സജുവിന്റെ നേതൃത്വത്തിൽ വർഷങ്ങളായി വിവിധ കൃഷികൾ നടത്തുകയും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഈ വിളകൾ ഉപയോഗിക്കുകയും ചെയ്യുന്നു.കോട്ടുകാൽ ഗ്രാമപഞ്ചായത്തും കോട്ടുകാൽ കൃഷിഭവനും സ്കൂൾ കൃഷിക്ക് പൂർണ്ണ പിന്തുണ നൽകുന്നു.