തിരുവനന്തപുരം : ദൂരദർശൻ മുൻ വാർത്താ അവതാരക
മായാ ശ്രീകുമാർ
തിരുവനന്തപുരം പാൽകുളങ്ങര ദേവീ ക്ഷേത്രവേദിയിൽ വീണ്ടും നൃത്തമാടി.
ശ്രീ നടരാജ ഡാൻസ് അക്കാദമിയിൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി അവതരിപ്പിച്ച ഭരതനാട്യം
ആസ്വദിക്കാൻ ധാരാളം പേർ എത്തിയിരുന്നു. ഡോ. പ്രസര, ഉണ്ണികൃഷ്ണൻ വേണുഗോപാൽ എന്നിവരും അക്കാദമിയിലെ കുട്ടികളും ഈ വേദിയിൽ നൃത്തം അവതരിപ്പിച്ചിരുന്നു.
ആറാമത്തെ
വയസ്സിൽ ചിലങ്ക അണിഞ്ഞ മായയ്‌ക്ക് ജോലി സംബന്ധമായും കുടുംബകാര്യങ്ങളാലും കുറേക്കാലം നൃത്തവേദിയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു.
മകൾ ധന്യയും മായയും ചേർന്ന് ജുഗൽബന്ധി രീതിയിൽ മുമ്പ് നൃത്തങ്ങൾ അവതരിപ്പിച്ചിരുന്നു.
നീണ്ട 27 വർഷങ്ങൾക്ക് ശേഷം പാൽകുളങ്ങര ദേവി സന്നിധിയിൽ കഴിഞ്ഞ വർഷം ഭരതനാട്യം അവതരിപ്പിച്ചിരുന്നു.
കൊച്ചു മകൾ ദിയ നടരാജ ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥിനിയായി ചേർന്നപ്പോൾ കൊച്ചു മകളെ നൃത്തപരിപാടികൾക്ക് കൊണ്ടു പോകുന്നതും അണിയിച്ചൊരുക്കുന്നതുമൊക്കെ മായാ ശ്രീകുമാറാണ്.
വീണ്ടും നൃത്ത രംഗത്തേക്ക് തിരിച്ചു വരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മായ പറഞ്ഞു.
ഏപ്രിൽ 26 ന് ഗുരുവായൂർ ക്ഷേത്രനടയിൽ നൃത്തം അവതരിപ്പിക്കുന്നുവെന്നതാണ് മായയുടെ വലിയ സന്തോഷവും അഭിമാനവും.അന്ന് രാവിലെ 9.30 മുതൽ 11 മണി വരെ ഭരതനാട്യം ചിലങ്ക പൂജയായി അവതരിപ്പിക്കും. ജീവിതത്തിലെ വലിയ ആഗ്രഹമാണ് അന്ന് സഫലമാകുന്നതെന്ന് മായ പറയുന്നു.
കൊച്ചുമകൾ ദിയയുടെയും മകൾ ധന്യയുടെയും ഒപ്പം നൃത്തം ചെയ്യണമെന്നൊരു ആഗ്രഹവും മായ പങ്കുവച്ചു.
ദൂരദർശനിൽ 11 വർഷം മായ ന്യൂസ് വായിച്ചിരുന്നു.അതുകഴിഞ്ഞ് ഒരു സ്വകാര്യ ചാനലിൽ 11 വർഷവും മറ്റൊരു ചാനലിൽ 12 വർഷവും വാർത്ത വായിച്ചു.പ്രേക്ഷകരുടെ പ്രിയപ്പെട്ട ഈ മുൻ വാർത്താ അവതാരക വീണ്ടും നൃത്തം അവതരിപ്പിക്കുന്നതിൽ ആസ്വാദകർക്കും സന്തോഷമാണ്.