മാലിന്യനിർമാർജനത്തിനായുള്ള സർക്കാർ പ്രവർത്തനങ്ങളോട് സഹകരിക്കാത്തവരെ ഒറ്റപ്പെടുത്തണം: മന്ത്രി എം. ബി രാജേഷ്;ആമയിഴഞ്ചാൻ തോട് മാലിന്യ പ്രശ്നം: തമ്പാനൂർ വാർഡ് ജനകീയ സമിതി യോഗം ചേർന്നു1 min read

 

തിരുവനന്തപുരം :മാലിന്യമുക്ത കേരളത്തിലേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ആമയിഴഞ്ചാൻ തോടിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളോടെ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. ആമയിഴഞ്ചാൻ തോടിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചേർന്ന
തമ്പാനൂർ വാർഡ് ജനകീയസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ സർക്കാർ ശ്രമങ്ങളോട് സഹകരിക്കാത്തവരെ പൊതുജനങ്ങൾ ഒറ്റപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു.
ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി നേരിടാനാണ് ജനകീയ സമിതികൾ രൂപീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആമയിഴഞ്ചാൻ തോടിൽ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന സംരക്ഷണ പ്രവർത്തനങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകും. മലയാളികളുടെ സാംസ്കാരിക പ്രബുദ്ധതയ്ക്ക് ചേർന്നതല്ല മാലിന്യം വലിച്ചെറിയുന്ന സ്വഭാവമെന്നും, ആമയിഴഞ്ചാൻ തോടിൽ നിന്നും മാലിന്യ മുക്ത നവ കേരളത്തിലേക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയാണെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം നഗരത്തെ മാലിന്യമുക്തമാക്കുന്നതിനും ആമയിഴഞ്ചാൻതോട് ഉൾപ്പെടെയുള്ള നീർച്ചാലുകളും ജലാശയങ്ങളും സംരക്ഷിക്കേണ്ടുന്നതിനുമായി , ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന ഏഴ് നഗരസഭാ വാർഡുകൾ കേന്ദ്രീകരിച്ച് ജനകീയ സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ആമയിഴഞ്ചാൻ തോട് സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ജനകീയ സമിതികൾ രൂപീകരിച്ചിരിക്കുന്നത്.

തമ്പാനൂരിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി മേയർ പി കെ രാജു, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഗായത്രി ബാബു, മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, വാർഡ് കൗൺസിലർ ഹരികുമാർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *