30/9/23
കോട്ടയം :എം.ജി സർവ്വകലാശാലയിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ കുറ്റക്കാരെന്ന് സർവ്വകലാശാല കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ തുടരണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
സസ്പെൻഡ് ചെയ്യപ്പെട്ട അസിസ്റ്റൻറ് രജിസ്ട്രാർ സെബാസ്റ്റ്യൻ.പി ജോസഫ്, സെക്ഷൻ ഓഫീസർ മനോജ് തോമസ് എന്നിവർ നൽകിയ അപ്പീൽ ഹർജിയിലാണ് ജസ്റ്റിസ് ഡോ: A.K. ബാലകൃഷ്ണൻ നമ്പ്യാരും, ജസ്റ്റിസ് ഡോ: കൗസറും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
തങ്ങൾക്ക് നോട്ടീസ് നൽകി, ക്രോസ്സ് വിസ്താരത്തിന് അവസരം നൽകാതെയാണ് തെളിവെടുപ്പ് നടത്തിയതെന്നും, ഇത് സർവ്വകലാശാല ചട്ടങ്ങളുടെയും സ്വാഭാവികനീതിയുടെയും ലംഘനമാണെന്നുമാണ് ഹർജിക്കാരുടെ വാദം.
വാദം ശരിവച്ച കോടതി ഇപ്പോഴുള്ള ശിക്ഷാ നടപടിയെ ഷോക്കാസ് നോട്ടീസ് ആയി പരിഗണിക്കാൻ നിർദ്ദേശിച്ചു.
ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്യുന്നതിലെ സുരക്ഷിതത്വത്തിനുള്ള മാർഗനിർദേശങ്ങൾ സ്വീകരിക്കുന്നതിന് വേണ്ടി മാത്രമാണ്
സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചതെന്ന യൂണിവേഴ്സിറ്റി അഭിഭാഷകന്റെ വിശദീകരണം കോടതി രേഖപ്പെടുത്തി.
കഴിഞ്ഞ ജൂൺ 15 നാണ് പി ജി ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ നഷ്ടപ്പെട്ട വിവരം സെക്ഷൻ ഓഫീസർ കണ്ടുപിടിച്ചത്. ഇതിനെ തുടർന്ന് മോഷണം പോയ വിവരം റിപ്പോർട്ട് ചെയ്ത സെക്ഷൻ ഓഫീസർ ഉൾപ്പെടെ രണ്ടു പേരെ കസ്റ്റോഡിയൻ എന്ന കാരണം ഉന്നയിച്ച് സസ്പെൻഡ് ചെയ്ത സർവകലാശാലയുടെ നടപടി വിവാദമായിരുന്നു. ഇത് സംബന്ധിച്ച് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു എങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
ഹർജ്ജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സർവ്വകലാശാലയ്ക്ക് വേണ്ടി സ്റ്റാൻഡിങ് കൗൺസൽ അഡ്വ.സുരിൻ ജോർജും ഹാജരായി.