ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒൻപത് സൈനികര്‍ മരിച്ചു. തെക്കൻ ലഡാക്കിലെ ന്യോമ ജില്ലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്.
സൈനികരുമായി ക്യാരിയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെടുകയുണ്ടായത്.
വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പത്ത് സൈനികരായിരുന്നു അപകടത്തില്‍ പെട്ട ട്രക്കില്‍ ഉണ്ടായത്. ഇതില്‍ ഒൻപത് പേര് മരിച്ചെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. എട്ട് ജവാന്മാരും ഒരു ജൂനിയര്‍ കമ്മീഷൻഡ് ഓഫീസറുമാണ് (ജെസിഒ) കൊല്ലപ്പെട്ടത്. പരുക്കേറ്റ ഒരു സൈനികനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അഞ്ചോളം വാഹനങ്ങളില്‍ 34 സൈനികര്‍ ഉള്‍പ്പെട്ട സംഘമാണ് ക്യാരിയിലേക്ക് പോയത്. ക്യാരി പട്ടണത്തിന് ഏഴ് കിലോമീറ്റര്‍ അകലെയാണ് അപകടം. വാഹനം റോഡില്‍ നിന്ന് തെന്നിമാറി മലയിടുക്കിലൂടെ പുഴയിലേക്ക് വീഴുകയായിരുന്നു ചെയ്തത്.