തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരം വലിയതോതിൽ വർദ്ധിച്ചുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച സൂര്യകാന്തി ‘മികവുത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരീക്ഷാ കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും കേരളം മാറി. പത്തിലും പ്ലസ് ടുവിലും എ പ്ലസ് നേടുന്നതിനൊപ്പം ജീവിതത്തിലും എ പ്ലസ് നേടുന്ന വിദ്യാർത്ഥികളെ സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം. ഭാവിയിൽ ആരാകണം എന്ന് ചോദിച്ചാൽ മാനവികതയുള്ള മനുഷ്യനാകണം എന്ന് പറയാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
അമ്പൂരി, ഫാദർ ജോസഫ് മാലിപ്പറമ്പിൽ മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടിയിൽ സി.കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 2023- 24 അധ്യയന വർഷം പാറശാല നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ചവരെയും അനുമോദിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. 1300 ഓളം വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാറശാല മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് സൂര്യകാന്തി. വിവിധ തദ്ദേശഭരണ പ്രതിനിധികൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.