16/1/23
കൊല്ലം :ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടികൂടിയ പാലിൽ രാസ സാനിധ്യം കണ്ടെത്താൻ കഴിയാത്ത ഭക്ഷ്യവകുപ്പിനെതിരെ മന്ത്രി. ചിഞ്ചു റാണി.
പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയെന്ന് ക്ഷീര വകുപ്പിന്റെ കണ്ടെത്തലിനു വിരുദ്ധമായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അന്തിമ പരിശോധന ഫലം. കേന്ദ്ര നിയമം അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ ഇതിനോടുള്ള പ്രതികരണം.
ജനുവരി 11ന് പുലര്‍ച്ചെ പാല്‍ പിടികൂടുമ്ബോള്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ആര്യങ്കാവ് ചെക്പോസ്റ്റില്‍ മൂന്ന് ഘട്ടമായി നടത്തിയ ഇ സ്ക്രീനിംഗ് ടെസ്റ്റ് അടക്കമുള്ളവയുടെ പരിശോധന ഫലത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടി സ്വീകരിക്കേണ്ട ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അന്തിമ പരിശോധയില്‍ രാസ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തി ആറ് മണിക്കൂറിനകം പരിശോധന നടത്തിയില്ലെങ്കില്‍ രാസ സാന്നിധ്യം കണ്ടെത്താന്‍ കഴിയില്ല.
എത്ര സമയം കഴിഞ്ഞാലും ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുമെന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വാദവും മന്ത്രി ജെ ചിഞ്ചുറാണി തള്ളിക്കളഞ്ഞു.
ക്ഷീരവകുപ്പിന് നടപടിയെടുക്കാന്‍ അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കുമെന്നും ചിഞ്ചു റാണി വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര നിയമപ്രകാരമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന എന്നായിരുന്നു മന്ത്രി വീണ ജോര്‍ജിന്റെ മറുപടി.
പാലില്‍ മായം കണ്ടെത്താത്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് തെങ്കാശി അഗ്രി സോഫ്റ്റ് ഡയറി ഫാം.