റവന്യൂ വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലെന്ന് മന്ത്രി കെ.രാജൻ,സിവിൽ സ്റ്റേഷനിലേക്കുള്ള പുതിയ കവാടം മന്ത്രി ഉദ്ഘാടനം ചെയ്തു1 min read

 

തിരുവനന്തപുരം :റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ ക്യാമ്പസിൽ നിർമിച്ച ചുറ്റുമതിൽ, പുതിയ കവാടം, സെക്യൂരിറ്റി ക്യാബിൻ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുജനങ്ങളുടെ ആവശ്യങ്ങൾ അതിവേഗം പരിഹരിക്കാൻ സാധിക്കുന്ന തരത്തിൽ, സാധാരണക്കാർക്ക് സമീപിക്കാൻ കഴിയുന്ന കേന്ദ്രമായി റവന്യൂ വകുപ്പിനെ മാറ്റുകയാണ് ലക്ഷ്യം. റവന്യൂ വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്നും അതിന്റെ ഭാഗമാണ് വകുപ്പിന്റെ വിവിധ വിഭാഗങ്ങളിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിലെത്തുന്നവർക്ക് മാനസിക ഉല്ലാസത്തിനുള്ള ഇടമായി കൂടി കളക്ടറേറ്റ് ക്യാമ്പസ് മാറണമെന്നും അതിനായി ശ്രമിക്കുന്ന ജില്ലാ ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി അറിയിച്ചു.

കളക്ടറേറ്റിനും കുടപ്പനക്കുന്ന് ജംഗ്ഷനും പുതിയ മുഖഛായ കൈവന്നിരിക്കുകയാണെന്ന് അധ്യക്ഷനായിരുന്ന വി.കെ പ്രശാന്ത് എം.എൽ.എ പറഞ്ഞു.

ട്രിഡാ ചെയർമാൻ കെ.സി വിക്രമൻ മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ എസ്. ജയചന്ദ്രൻനായർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ അനുകുമാരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി.കെ വിനീത്, ഡെപ്യൂട്ടി കളക്ടർമാർ, സിവിൽ സ്റ്റേഷൻ ജീവനക്കാർ എന്നിവരും പങ്കെടുത്തു.

2021-22ലെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കവാടം ഉൾപ്പെടെയുള്ളവ നിർമിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിർമാണ ചുമതല.

*സ്മാർട്ടായി നെയ്യാറ്റിൻകര വില്ലേജ് ഓഫീസ്*

നെയ്യാറ്റിൻകര സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അധ്യക്ഷനായിരുന്നു.

നെയ്യാറ്റിൻകര മണ്ഡലത്തിലെ ഏഴ് വില്ലേജ് ഓഫീസുകളിൽ നാല് വില്ലേജ് ഓഫീസുകൾ ഇതിനോടകം സ്മാർട് ഓഫിസ് ആയതായും മൂന്ന് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കുമെന്നും എം.എൽ.എ പറഞ്ഞു.

2021-22 പ്ലാൻ സ്‌കീം പദ്ധതി പ്രകാരം 44 ലക്ഷം രൂപ ചെലവഴിച്ചാണ് നെയ്യാറ്റിൻകര സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണിതത്. ജില്ലാ നിർമിതി കേന്ദ്രമാണ് നിർവഹണ ഏജൻസി.

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ പി.കെ രാജമോഹനൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ജില്ലാ കളക്ടർ അനുകുമാരി, ജില്ലാ നിർമിതി കേന്ദ്രം പ്രൊജക്ട് മാനേജർ ശ്രീജ, നെയ്യാറ്റിൻകര തഹസിൽദാർ നന്ദകുമാരൻ വി.എം എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *