28/4/23
ഇടുക്കി :മിഷൻ അരികൊമ്പൻ ദൗത്യം ഇന്ന് നടന്നില്ല.പുലര്‍ച്ചെ 4.30ന് ദൗത്യം ആരംഭിച്ചെങ്കിലും ഉച്ചയ്ക്ക് 12 മണിയായിട്ടും അരികൊമ്പനെ കണ്ടെത്താന്‍ ദൗത്യ സംഘത്തിന് സാധിക്കാത്ത സാഹചര്യത്തിലാണ് താല്‍ക്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്.
രാവിലെ അരിക്കൊമ്പൻ എന്ന് കരുതിയ ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളില്‍ മറഞ്ഞു. വെയില്‍ ശക്തമായതിനാല്‍ ഇനി ആനയെ കണ്ടെത്തി വെടിവച്ച് മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാദ്ധ്യത മങ്ങി. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജിപിഎസ് കോളര്‍ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചു. നാളെ രാവിലെ വീണ്ടും ദൗത്യം തുടരുമെന്നാണ് വിവരം. അരിക്കൊമ്പനെ കണ്ടെത്താനായി കൂടുതല്‍ പേരടങ്ങുന്ന സംഘം തിരച്ചിലിനിറങ്ങിയെങ്കിലും അതും വിഫലമായിരുന്നു. അരിക്കൊമ്ബന്‍ ഉറക്കത്തിലാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
രാവിലെ ദൗത്യസംഘം കണ്ടതും ദൃശ്യങ്ങളില്‍ പ്രചരിച്ചതും മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പ ന്റെയാണെന്നാണ് വനംവകുപ്പ് നല്‍കിയ വിശദീകരണം. ഈ മേഖലയിലുള്ള മറ്റ് പ്രധാന ആനകളെയെല്ലാം കണ്ടെത്താന്‍ വനംവകുപ്പിന് സാധിച്ചെങ്കിലും, അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായില്ല. അരിക്കൊമ്പൻ എവിടെയെന്ന് ഇപ്പോഴും നിശ്ചയമില്ല.
അതേസമയം, ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ദൗത്യമല്ല ഇതെന്നും, എല്ലാ ദൗത്യങ്ങള്‍ക്കും അതിന്റേതായ വെല്ലുവിളികളുണ്ട്. എത്ര ദിവസമെടുക്കും എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ല എന്നുമാണ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ പറഞ്ഞത്.