തൃശ്ശൂർ :പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അതീവസുരക്ഷ. പൂരനഗരി സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്രസേനയുടെയും നീരീക്ഷണത്തില്‍.നഗരസുരക്ഷ എസ്.പി.ജി. ഏറ്റെടുത്തു. പരിപാടി നടക്കുന്ന തേക്കിന്‍കാട് മൈതാനത്തും നായ്ക്കനാലിനോട് ചേര്‍ന്ന ഭാഗത്തും തോക്കേന്തിയ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന പോലീസും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഡോഗ് സ്ക്വാഡിന്റെ പരിശോധനയും നടത്തി. ഇടവിട്ട് ബോംബ് സ്ക്വാഡിന്റെ പരിശോധനയുണ്ട്. നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ്.പി.ജിയുടെയും മറ്റു പോലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്കുശേഷമേ ബന്ധപ്പെട്ടവരെപ്പോലും കടത്തിവിടുന്നത്. പോലീസ് അക്കാദിയില്‍ ഇന്നു രാവിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ അവലോകനം ചെയ്തു. മറ്റു ജില്ലകളില്‍നിന്നുള്ള പോലീസുകാരേയും സുരക്ഷയ്ക്കായി എത്തിച്ചിട്ടുണ്ട്. മോദി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താസിക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.
പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടവും പോലീസും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗതാഗതനിയന്ത്രണത്തിനു പുറമേ കടകള്‍ അടച്ചിടണമെന്ന നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. സ്വരാജ് റൗണ്ടിലെയും സമീപപ്രദേശങ്ങളിലേയും കടകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്ച തന്നെ നല്കി. നഗരത്തില്‍ പോലീസ് പട്രോളിങ്ങ് ശക്തമാക്കിയതിനൊപ്പം തട്ടുകടകള്‍ അടക്കമുള്ളവ രണ്ട് ദിവസങ്ങളിലായി പ്രവര്‍ത്തിപ്പിക്കുന്നത് തടഞ്ഞു. നായ്ക്കനാല്‍ തുടങ്ങി പാര്‍ക്ക് വരെയുള്ള തേക്കിന്‍കാടിന്റെ സ്വരാജ് റൗണ്ടിനോട് ചേര്‍ന്നുള്ള ഭാഗവും പുറത്ത് നിന്നും കാണാനാവാത്ത വിധം അടച്ചു. ഈ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ബാങ്ക് അടക്കമുള്ള ഓഫീസുകള്‍ക്കും രണ്ട് ദിവസം പ്രവര്‍ത്തനം നിയന്ത്രിച്ചു. നായ്ക്കനാലില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് എ.ടി.എം. അടക്കം രണ്ട് ദിവസം അടച്ചിടുമെന്ന് കാണിച്ച് നോട്ടീസ് പതിച്ചിട്ടുണ്ട്.