അന്ത്യാദരവ് നൽകി മലയാളം… ആയിരങ്ങളുടെ അകമ്പടിയിൽ സ്മൃതിപഥത്തിലേക്ക്1 min read

അന്തരിച്ച മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടത്തും. മാവൂർ റോഡിലെ ‘സ്‌മൃതിപഥം’ എന്ന് പേരിട്ട് പുതുക്കിപ്പണിത പൊതുശ്‌മശാനത്തിലാണ് സംസ്‌കാരം. ‘സ്‌മൃതിപഥം’ പുതുക്കിപ്പണിതിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. അവിടേക്കുള്ള ആദ്യ വിലാപയാത്ര എംടിയുടേതാണ്. എംടിയുടെ ആവശ്യപ്രകാരം പൊതുദർശനം ഒഴിവാക്കിയിരുന്നു.

വാതകം ഉപയോഗിച്ച് ദഹിപ്പിക്കുന്ന മൂന്ന് ചൂളകളും പരമ്പരാഗത രീതിയിൽ ദഹിപ്പിക്കാനുള്ള രണ്ട് ചൂളകളുമാണ് മാവൂർ റോഡ് ശ്‌മശാനത്തിൽ പുതുതായി നിർമിച്ചത്. കർമങ്ങൾ ചെയ്യാനും ദേഹശുദ്ധി വരുത്താനും പ്രത്യേകം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന് സമീപം മനുഷ്യന്റെ ജനനം, ജീവിതം, മരണം എന്നിവ ചിത്രീകരിച്ച ചുമർചിത്രങ്ങളുമുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുകയായിരുന്ന എംടി ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് വിടപറഞ്ഞത്. എം ടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി. മന്ത്രിസഭാ യോഗം ഉള്‍പ്പെടെ ഒഴിവാക്കിയാണ് ദുഃഖാചരണം.ഇന്ന് എംടിയുടെ വീട്ടിൽ നടക്കുന്ന പൊതുദർശനത്തിൽ സിനിമാ, രാഷ്‌ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. വിടപറഞ്ഞത് മലയാള സാഹിത്യത്തെ ലോക സാഹിത്യത്തില്‍ എത്തിച്ച പ്രതിഭയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചത്. എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മഹാനായ എഴുത്തുകാരനെയാണ് നഷ്ടപ്പെട്ടതെന്ന് നടന്‍ കമല്‍ഹാസന്‍ അനുശോചിച്ചു. മന്ത്രി എംബി രാജേഷ്, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍ മന്ത്രി ഇ‌ടി മുഹമ്മദ് ബഷീര്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *